മലപ്പുറം: സിപിഐ നേതൃത്വത്തിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സിപിഐ മലപ്പുറം ജില്ലാ സമ്മേളനം. സിപിഐ മന്ത്രിമാര്‍ക്ക് നേരെയും രൂക്ഷ വിമര്‍ശനമാണ് പൊതു ചര്‍ച്ചയില്‍ ഉയര്‍ന്നത്. എല്‍ഡിഎഫ് യോഗത്തിന് പോകുന്നതിനു മുമ്പ് ബിനോയ് വിശ്വത്തിന് ക്ലാസ് നല്‍കണമെന്നായിരുന്നു ഒരു പ്രതിനിധിയുടെ വിമര്‍ശനം. രാഷ്ട്രീയ റിപ്പോര്‍ട്ടിന്‍ മേല്‍ നടന്ന പൊതു ചര്‍ച്ചയിലാണ് സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്.
എല്‍ഡിഎഫ് യോഗത്തിന് പോകുന്ന ബിനോയ് വിശ്വത്തിന് ക്ലാസ്സ് നല്‍കണം, സിപിഐഎമ്മിന് മുന്നില്‍ സംസ്ഥാന സെക്രട്ടറി പഞ്ചപുച്ഛം അടക്കി നില്‍ക്കുകയാണ്. വിദ്വേഷ പ്രസ്താവന വിവാദത്തില്‍ വെള്ളാപ്പള്ളിയെ പിന്തുണച്ച സിപിഐഎം നേതൃത്വത്തെ താങ്ങുന്നവരായി സിപിഐ നേതാക്കള്‍ മാറിയെന്നും വിമര്‍ശനം ഉയര്‍ന്നു.
സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി ഏകാധിപത്യത്തിലേക്ക് മാറിയെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു. തുടര്‍ ഭരണം ലഭിച്ചപ്പോള്‍ രണ്ടാം എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നത് മാറി പിണറായി സര്‍ക്കാര്‍ മാത്രമായി ചുരുങ്ങിപോയി. എല്‍ഡിഎഫ് എന്നത് മാറി പിണറായി സര്‍ക്കാര്‍ എന്നായത് ഏകാധിപത്യ ശൈലിയാണ്. സിപിഐ മന്ത്രിമാര്‍ പോലും പിണറായി സര്‍ക്കാര്‍ എന്നാണ് ആവര്‍ത്തിക്കുന്നതന്നും വിമര്‍ശനമുണ്ടായി. നിലമ്പൂരിലെ പരാജയത്തിലേക്ക് വഴിവച്ച കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ഭരണവിരുദ്ധ വികാരമാണ് തിരിച്ചടിയായതെന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു.
തെരഞ്ഞെടുപ്പ് ചുമതലക്കാരനെ സ്ഥാനാര്‍ത്ഥിയാക്കിയത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചു. പി വി അന്‍വറിനെ വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടെന്നും യുഡിഎഫിന് അനുകൂലമായി മുസ്ലിം വോട്ടുകള്‍ ഏകീകരിച്ചെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. സ്ഥാനാര്‍ത്ഥിയുടെ ശൈലി തിരിച്ചടിയായി എന്നായിരുന്നു പൊതു ചര്‍ച്ചയിലെ വിമര്‍ശനം.










Manna Matrimony.Com
Thalikettu.Com







