തിരുവനന്തപുരം: ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ പാര്‍ട്ടി പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തിലിന് യുഡിഎഫ് പരസ്യപിന്തുണ പ്രഖ്യാപിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. ഇതാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ് എന്ന് വി ശിവന്‍കുട്ടി വിമര്‍ശിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന് ചുറ്റും വേലി കെട്ടി സംരക്ഷിക്കാനുള്ള തിരക്കിലാണ് കോണ്‍ഗ്രസ് എന്നും വി ശിവന്‍കുട്ടി പറഞ്ഞു.
‘ഇന്നത്തെ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ കണ്ടപ്പോള്‍ മനസിലായി, ഇതാണ് അവരുടെ പരമാവധി ‘മാതൃകാ’പരമായ (പ്രതിപക്ഷ നേതാവിന്റെ ഭാഷയില്‍) നടപടി..ഇപ്പോള്‍ അവര്‍ മാങ്കൂട്ടത്തിന് ചുറ്റും വേലി കെട്ടി സംരക്ഷിക്കാനുള്ള തിരക്കിലാണ്.. ഇതാണ് യഥാര്‍ത്ഥ കോണ്‍ഗ്രസ്..’, വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുലിന് സംരക്ഷണം ഒരുക്കുമെന്നും ഉയര്‍ന്നത് തിരഞ്ഞെടുപ്പ് കാലത്ത് വരുന്ന കഴമ്പില്ലാത്ത ആരോപണങ്ങളാണെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് നേരത്തെ പറഞ്ഞിരുന്നു. എല്ലാവര്ക്കും നീതി ലഭ്യമാക്കേണ്ടതുണ്ട്. മറുഭാഗത്ത് ഇരിക്കുന്നവര്‍ക്കെതിരെയും സമാന ആരോപണമുണ്ട്. അവര്‍ക്ക് ലഭിക്കേണ്ട നീതി രാഹുലിനും ലഭിക്കണം. ആരോപണം ഉയര്‍ന്ന സാഹചര്യം പരിഗണിച്ചാണ് രാഹുലിനെതിരെ നടപടി സ്വീകരിച്ചത് എന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. നിയമസഭയില്‍ നിന്നും രാഹുലിനെ മാത്രം എന്തിന് മാറ്റി നിര്‍ത്തണമെന്നും അടൂര്‍ പ്രകാശ് ചോദിച്ചിരുന്നു. നിയമം എല്ലാവര്ക്കും ഒരുപോലെയാണ്. ആരോപണങ്ങള്‍ ഉയര്‍ന്നവര്‍ സഭയിലുണ്ട്.
സിപിഐഎം അല്ല കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. രാഹുലിനെതിരെ കേസ് ഇല്ല. ജനാധിപത്യ രീതിയിലാണ് മാറ്റി നിര്‍ത്തിയത്. കേസ് എടുക്കട്ടെ അപ്പോള്‍ നോക്കാം എന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.










Manna Matrimony.Com
Thalikettu.Com







