ഛത്തീസ്ഗഡിലെ ജയിലിൽ കഴിയുന്ന മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ബിലാസ്പുരിലെ എൻഐഎ കോടതിയാണ് ജാമ്യാപേക്ഷയിൽ വിധി പറയുക. ജാമ്യാപേക്ഷയിൽ വാദം ഇന്നലെ പൂർത്തിയായിരുന്നു. മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ആരോപിച്ച് കഴിഞ്ഞ ഒൻപത് ദിവസമായി കന്യാസ്ത്രീകൾ ജയിലിൽ കഴിയുകയാണ്.
ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചാൽ നടപടിക്രമങ്ങൾ നീണ്ടുപോയി ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ആയേക്കാമെന്ന സാധ്യത പരിശോധിച്ച ശേഷമായിരുന്നു എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്. എൻഐഎ കോടതിയെ സമീപിക്കാമെന്ന് സെഷൻസ് കോടതിയുടെ ഉത്തരവിലുണ്ടായിരുന്നു.
ജൂലൈ 26നാണ് ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവക സിസ്റ്റർ പ്രീതി മേരി എന്നിവരായിരുന്നു അറസ്റ്റിലായത്. ഇവർക്കൊപ്പം മൂന്ന് പെൺകുട്ടികളുമുണ്ടായിരുന്നു.
ഈ പെൺകുട്ടികളെ കടത്തുകയാണെന്നും നിർബന്ധിത പരിവർത്തനത്തിനിരയാക്കുകയാണെന്നും ആരോപിച്ച് ബജ്റംഗ്ദൾ പ്രവർത്തകരാണ് രംഗത്തെത്തിയത്. കന്യാസ്ത്രീകളെ ബജ്റംഗ്ദൾ പ്രവർത്തകർ തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.










Manna Matrimony.Com
Thalikettu.Com







