ബാംഗാളിലേക്ക് പോകാനെത്തി, കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയ തൊഴിലാളികളെ ജില്ലാ ഭരണകൂടം ഇടപെട്ട് സുരക്ഷിതരായി ഇടുക്കിയിലെ തൊഴില്‍ സ്ഥലത്തേക്ക് തിരിച്ചയച്ചു. നെടുങ്കണ്ടത്തെ ഏലത്തോട്ടങ്ങളിലെ തൊഴിലാളികളും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 27 പേരാണ് ശനിയാഴ്ച്ച വൈകിട്ട് കോട്ടയത്തെത്തിയത്.
ഇന്നലെ(ഞായറാഴ്ച്ച) രാവിലെ ഇവിടെനിന്നും ട്രെയിനില്‍ കൊല്‍ക്കത്തയിലേക്ക് പോകുന്നതിനാണ് ഇവര്‍ ടിക്കറ്റെടുത്തിരുന്നത്. ട്രെയിനുകളെല്ലാം റദ്ദാക്കിയതോടെ യാത്ര മുടങ്ങി. നെടുങ്കണ്ടത്തേക്ക് മടങ്ങാനും നിവൃത്തിയില്ലാതെ പ്ലാറ്റ്ഫോമില്‍ കഴിയുന്ന തൊഴിലാളികളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് വിവരം ലഭിച്ച ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഇക്കാര്യം ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്റെ ശ്രദ്ധയില്‍ പെടുത്തി.
ഇവര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സുരക്ഷിതരായി തിരികെ നെടുങ്കണ്ടത്ത് എത്തിക്കുന്നതിനും ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. പതിനൊന്നു സ്ത്രീകളും ആറു കുട്ടികളും അടങ്ങുന്ന സംഘത്തെ റെയില്‍വേ സ്റ്റേഷനില്‍തന്നെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. ഇവരില്‍ മൂന്നു പേര്‍ക്ക് പനിയുണ്ടായിരുന്നു.
മടക്കയാത്രയ്ക്കുള്ള വാഹനം ക്രമീകരിക്കുന്നതുവരെ വിശ്രമിക്കുന്നതിനായി എല്ലാവരെയും കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രത്യേകം സജ്ജീകരിച്ച വാര്‍ഡിലേക്ക് മാറ്റി. ഭക്ഷണം നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും യാത്രയ്ക്കായി കൈവശം കരുതിയിട്ടുള്ള ഭക്ഷണം മതിയാകുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. പനി ബാധിച്ചവര്‍ക്ക് ആശുപത്രിയില്‍നിന്നും മരുന്നു നല്കി. ഇവരില്‍ ആര്‍ക്കും കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു.
വൈകുന്നേരത്തോടെ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ ബസില്‍ തൊഴിലാളികളെ നെടുങ്കണ്ടത്തേക്ക് തിരികെ അയച്ചു.