ദില്ലി: നിര്‍ഭയ കേസില്‍ സുപ്രീം കോടതി വധശിക്ഷയ്ക്ക് വിധിച്ച നാലു പ്രതികളെയും കഴിഞ്ഞ ദിവസം ദില്ലി തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയപ്പോൾ കയ്യടി നേടുന്നത് ഈ സംഭവം നടക്കുന്ന കാലത്ത് ദില്ലി സൗത്ത് ഡിസിപി ആയിരുന്ന ഛായാ സിംഗ് ഐപിഎസ്സാണ്. ഈ സ്ത്രീരത്നത്തിന്റെ അന്വേഷണ ബുദ്ധി അന്നത്തെ കമ്മീഷണര്‍ ആയിരുന്ന നീരജ് കുമാര്‍ ഐപിഎസിന്റെ ഇച്ഛാശക്തി, ദില്ലി പൊലീസ് ടീമിന്റെ സ്ഥിരോത്സാഹവും വിദഗ്ദ്ധമായ അന്വേഷണങ്ങളും, ഇത്രയുമാണ് സംഭവം വന്നു ദിവസങ്ങള്‍ക്കുളില്‍ പ്രതികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുനിര്‍ത്തുന്നതിലേക്ക് നയിച്ചത്.
41 പൊലീസുകാര്‍, 5 ദിവസം യാതൊരു തുമ്പുമില്ലാതിരുന്ന ആ കേസ് തെളിയിക്കാന്‍ ഛായാ ശര്‍മ്മ ഐപിഎസിന് വേണ്ടി വന്നത് ഇത്രമാത്രമാണ്. ഒരു തെളിവുമില്ലാത്ത ഒരു ഡെഡ് എന്‍ഡില്‍ നിന്നായിരുന്നു അന്വേഷണത്തിന്റെ തുടക്കം. അര്‍ദ്ധ ബോധാവസ്ഥയില്‍ പിറുപിറുത്തുകൊണ്ടിരിക്കുന്ന പെണ്‍കുട്ടി. തന്റെ സാന്നിധ്യത്തില്‍ കാമുകി ബലാത്സംഗത്തിനിരയായിട്ടും അത് തടയാനാവാതിരുന്നതിന്റെ സങ്കടത്തിലും, ഏല്‍ക്കേണ്ടിവന്ന മര്‍ദ്ദനങ്ങളുടെ ആഘാതത്തിലും, ആ സംഭവം ഏല്‍പ്പിച്ച ഷോക്കിലും ആകെ പരിഭ്രമിച്ചിരിക്കുന്ന യുവാവ്. അപരിചിതരായ അക്രമികള്‍. അപരിചിതമായ ഒരു ബസ്സില്‍ നടന്ന അക്രമം. അക്രമശേഷം അപ്രത്യക്ഷമായ ബസ്. യുപി, ഹരിയാന എന്നീ രണ്ടു സംസ്ഥാനങ്ങളോട് ദില്ലിക്കുണ്ടായിരുന്ന സാമീപ്യവും, പ്രതികള്‍ ഒരിക്കലും പിടിക്കാനാവാത്തവണ്ണം രക്ഷപെടാനുള്ള സാധ്യത മലര്‍ക്കെ തുറന്നിട്ടിരുന്നു എന്നുവേണം പറയാന്‍.
ഛായാ ശര്‍മ്മ എട്ടുപേരടങ്ങുന്ന ഒരു കോര്‍ ടീം ഉണ്ടാക്കി. അവര്‍ രാപ്പകല്‍ ഉറക്കമില്ലാതെ അന്വേഷണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. കൃത്യമായ അന്വേഷണം. കിട്ടിയ നേരിയ കച്ചിത്തുരുമ്പുകളില്‍ പിടിച്ചു കേറി നടത്തിയ തിരച്ചിലുകള്‍. ദില്ലിയുടെ തെരുവുകളില്‍ പൊലീസിന് ഉണ്ടായിരുന്ന ഇന്‍ഫോര്‍മര്‍ നെറ്റ്‌വര്‍ക്കിന്റെ ഫലപ്രദമായ ഉപയോഗം. ഒടുവില്‍ അവര്‍ നല്‍കിയ ആയിരം പേജുള്ള ഒരു കുറ്റപത്രം പിന്നീട് ഒരു സംശയത്തിനും ഇടയുണ്ടാക്കുന്ന ഒന്നായിരുന്നില്ല.
ഒരു ടീം തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരുന്നപ്പോള്‍, രണ്ടാമത്തെ ടീം അതിനെ കോടതിയിലെ വിചാരണയ്ക്ക് ചേരുംവിധം പഴുതടച്ചുകൊണ്ട് കുറ്റപത്രത്തിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ടിരുന്നു.
ഇത്രയധികം വട്ടം ഡിഎന്‍എ ടെസ്റ്റ് നടത്തിയ ഒരു കേസ് ഇന്ത്യന്‍ ക്രിമിനല്‍ ഹിസ്റ്ററിയില്‍ വേറെ കാണില്ല. വിവസ്ത്രരാക്കി പുറത്തു തള്ളിയപ്പോള്‍, അഴിച്ചെടുത്തിരുന്ന ഇരകളുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞിരുന്നു പ്രതികള്‍. എന്നാല്‍ കത്തിച്ചേടത്ത് പൂര്‍ണമായും കത്താതെ ബാക്കിവന്ന തുണിക്കഷ്ണഗങ്ങളില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി അത് ഇരകളുടേതാണ് എന്ന് കോടതിയെ ബോധ്യപ്പെടുത്താന്‍ അന്വേഷണ സംഘത്തിനായി.
സംഭവം നടന്ന ശേഷം പാര്‍ക്കിങ് ലോട്ടില്‍ കൊണ്ട് ചെന്നിടും മുമ്പ് പ്രതികള്‍ തെളിവുകള്‍ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബസ്സിന്റെ ഉള്‍ഭാഗം കഴുകിയിറക്കിയിരുന്നു. എന്നിട്ടും, ബസ്സിനുള്ളില്‍ വെള്ളമോ, ചൂലോ എത്താത്തിടങ്ങളില്‍ ഒളിച്ചിരുന്ന രക്തത്തുള്ളികളില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി ബലാത്സംഗം നടന്നത് കസ്റ്റഡിയിലെടുത്ത ബസ്സിനുള്ളില്‍ തന്നെയാണെന്ന പൊലീസ് സ്ഥാപിച്ചെടുത്തു.
ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റ് കോമയിലേക്ക് വഴുതിവീഴുന്ന ഘട്ടത്തിലും, കേസന്വേഷണത്തില്‍ ഏറെ നിര്‍ണായകമായി പിന്നീട് മാറിയ ചില വിവരങ്ങള്‍ അക്രമികളെപ്പറ്റി തന്റെ മൊഴിയില്‍ നല്‍കിക്കൊണ്ട് ആക്രമണത്തിനിരയായ പെണ്‍കുട്ടിയും പൊലീസിന് തന്റേതായ സഹായങ്ങള്‍ നല്‍കി. ആകെ അറിയാവുന്നത് അവര്‍ സഞ്ചരിച്ചിരുന്നത് ഒരു വെളുത്ത ബസ്സില്‍ ആയിരുന്നു എന്ന് മാത്രമായിരുന്നു. ചുവന്ന സീറ്റുകള്‍. മഞ്ഞ കര്‍ട്ടനുകള്‍. ഇത്രയും തന്റെ അര്‍ദ്ധബോധാവസ്ഥയിലും ആ പെണ്‍കുട്ടി ഓര്‍ത്തുപറഞ്ഞു. ദില്ലിയില്‍ വെള്ള ബസ്സുകള്‍ നിരവധിയുണ്ടായിരുന്നു എങ്കിലും ഈ വിശദാംശം പോലീസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവായി.
അടുത്ത, ഏറെ നിര്‍ണ്ണായകമായ തെളിവ് അതിനിടെ പൊലീസിന് ലഭിക്കുന്നു. ദില്ലി വിമാനത്താവളത്തിനടുത്തുള്ള ഒരു ഹോട്ടലിന്റെ സിസിടിവി കാമറയില്‍ ഏതാണ്ട് അക്രമം നടന്നു എന്ന് കരുതപ്പെടുന്ന ടൈം വിന്‍ഡോയില്‍ ഒരു വെള്ള ബസ് രണ്ടു തവണ അകപ്പെടുന്നു.
അതിനിടെ അന്വേഷണ സംഘത്തിനുമേല്‍ സമ്മര്‍ദ്ദങ്ങള്‍ ഒരുപാടുണ്ടാകുന്നു. അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ് എന്ന ആരോപണം വന്നു. അച്ചടക്കനടപടികള്‍ക്ക് സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ ദില്ലി പൊലീസ് കമ്മീഷണൂര്‍ നീരജ് കുമാര്‍ സമ്മര്‍ദ്ദങ്ങളെ തനിക്ക് താഴേക്ക് കടത്തിവിട്ടില്ല. വസന്ത് വിഹാര്‍ പോലീസ് സ്‌റ്റേഷന് മുന്നില്‍ നിരന്തരം പ്രകടനങ്ങള്‍ നടക്കുന്നുണ്ടായിരുന്നതിനാല്‍ അന്വേഷണ സംഘം പിന്‍വാതിലിലൂടെയായിരുന്നു സ്‌റ്റേഷനില്‍ വന്നുപോയിരുന്നത്.
ഒന്നിന് പിറകെ ഒന്നായി കുറ്റകൃത്യത്തില്‍ പങ്കുവഹിച്ച സകലപ്രതികളെയും പിടികൂടി എങ്കിലും, വിശ്രമിക്കാന്‍ അന്വേഷണ സംഘം തയ്യാറല്ലായിരുന്നു. പഴുതടച്ച ഒരു കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടില്ല എന്നുണ്ടെങ്കില്‍ പ്രതികള്‍ കോടതിയില്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ട് എന്ന തിരിച്ചറിവ് അവരെ കുറ്റപത്രം എത്ര പെര്‍ഫെക്റ്റ് ആക്കാമോ അത്രയും ആക്കാന്‍ വേണ്ടി പരിശ്രമിക്കാന്‍ പ്രേരിപ്പിച്ചു. അതിനിടെ ഒരു പ്രതി, രാം സിങ്ങ് തിഹാര്‍ ജയിലിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തപ്പെട്ടു. കേസ് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വിചാരണയ്ക്ക് വന്നു. ജുവനൈല്‍ ആയ ഒരാളെ മാത്രം പരമാവധി ശിക്ഷയായ മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. മറ്റുള്ള നാലുപേര്‍ക്കും കോടതി വധശിക്ഷ തന്നെ നല്‍കി.