കൊച്ചി: മലയാള സിനിമയില്‍ പുതിയതായി വരുന്ന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന കൂട്ടായ്മയില്‍ താന്‍ ഭാഗമല്ലെന്ന് സംവിധായകന് ലിജോ ജോസ് പെല്ലിശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിര്‍മാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് താന്‍ യോജിക്കുന്നു.
എന്നാല്‍ അങ്ങനെയൊരു കൂട്ടായ്മയുടെ ഭാഗമാവാന്‍ ആഗ്രഹിക്കുന്ന പക്ഷം അതൊരു ഔദ്യോഗിക അറിയിപ്പായി അറിയിക്കുമെന്നും ലിജോ പറഞ്ഞു. അതുവരെ എന്റെ പേരില്‍ പ്രചരിക്കുന്നതൊന്നും എന്റെ അറിവോടെയല്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ലിജോ വ്യക്തമാക്കി.
മലയാള സിനിമയില്‍ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ്’ എന്ന പേരില്‍ പുതിയ സംഘടന വരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. സംവിധായകരായ ആഷിഖ് അബു, രാജീവ് രവി, അഞ്ജലി മേനോന്, നടി റീമ കല്ലിങ്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പുതിയ സംഘടന വരുന്നത്.
പ്രാഥമിക ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നതെന്ന് സംവിധായകന് ആഷിഖ് അബു പറഞ്ഞിരുന്നു. സംഘടന രൂപീകരിക്കുന്നത് സംബന്ധിച്ച് ഇവര്‍ സിനിമ പ്രവര്‍ത്തകര്‍ക്ക് നല്കിയ കത്തില്‍ ലിജോ ജോസിന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലിജോയുടെ പ്രതികരണം.
തൊഴിലാളികളുടെ ശാക്തീകരണമാണ് സംഘടനയുടെ ലക്ഷ്യമെന്നും പുതിയ സിനിമ സംസ്കാരം രൂപീകരിക്കും, തൊഴിലാളികളുടെ അവകാശം സംരക്ഷിക്കും തുടങ്ങിയ വാഗ്ദാനങ്ങളും കത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.