കൂത്താട്ടുകുളം: വസ്ത്രം കഴുകുന്നതിനിടെ കനാലിലെ ഒഴുക്കിൽപ്പെട്ട മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വീട്ടമ്മ മുങ്ങിമരിച്ചു. മാറിക അരിശേരിക്കരയിൽ പരേതനായ മാധവന്റെ ഭാര്യ സുജയാണ് (40) മരിച്ചത്. എംവിഐപി കനാലിൽ പണ്ടപ്പിള്ളി അങ്കണവാടിക്ക് സമീപമുള്ള കടവിലായിരുന്നു അപകടം. ജലക്ഷാമം രൂക്ഷമായതിനാൽ അമ്മയും മകളും വസ്ത്രങ്ങൾ കഴുകാനും കുളിക്കാനുമാണ് വീട്ടിൽ നിന്നും സ്കൂട്ടറിൽ കനാലിൽ എത്തിയത്. എന്നാൽ ആ വരവ് സങ്കടങ്ങളുടേതായി മാറുക ആയിരുന്നു.
തുണി കഴുകുന്നതിനിടെ ഒഴുക്കിൽപെട്ടു പോയ ശ്രീതുമോളെ (14) രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുജ ഒഴുക്കിൽ പെട്ടത്. ഇതോടെ അച്ഛന് പിന്നാലെ അമ്മയേയും നഷ്ടമായിരിക്കുകയാണ് ശ്രീതുവിനും സഹോദരൻ ശ്രീരാഗിനും. തുണി കഴുകിക്കൊണ്ടിരുന്ന സുജ മകൾ ഒഴുക്കിൽപെട്ടതു കണ്ടു രക്ഷിക്കാനായി ഇറങ്ങിയതോടെ ശക്തമായ അടിയൊഴുക്കിൽ പെടുകയായിരുന്നു. രക്ഷപ്പെട്ടു കരയ്ക്കു കയറിയ ശ്രീതുമോളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണു സുജയെ കണ്ടെത്തിയത്.
ഉടൻ തന്നെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം ഇന്നു 11ന്. അറുന്നൂറ്റിമംഗലം നിരപ്പിൽ പരേതനായ സുകുമാരന്റെയും ശ്യാമളയുടെയും മകളാണ് സുജ. പാലക്കുഴ പഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് അംഗമായിരുന്നു സുജ. ചെത്തുതൊഴിലാളിയായിരുന്ന ഭർത്താവ് മാധവൻ 7 വർഷം മുൻപാണ് മരിച്ചത്. അച്ഛന് പിന്നാലെ അമ്മയും യാത്രയായതോടെ അനാഥരായിരിക്കുകയാണ് ഈ മക്കൾ. ശ്രീതുമോൾ കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. മകൻ ശ്രീരാഗ് (ആറാം ക്ലാസ്).