അങ്കമാലി: സ്വന്തമായി കിടപ്പാടമില്ലാതെ നരകിക്കുന്നവർക്ക് വീടൊരുക്കാനായി അരക്കോടിയോളം രൂപ വിലവരുന്ന ഭൂമി വിട്ടുനൽകി നഗരസഭാ കൗൺസിലറുടെ നന്മ. അരക്കോടിയോളം രൂപ വില വരുന്ന ഭൂമി ദാനമായി നൽകുന്നു. അങ്കമാലി നഗരസഭ പത്താം വാർഡ് കൗൺസിലർ എവി രഘുവാണ് ഈ സന്മനസിനുടമ.
രഘു തന്റെ പേരിലുള്ള സ്വന്തം ഭൂമിയായ ഏഴ് സെന്റ് സ്ഥലമാണ് ദാനം നൽകുന്നത്. വേങ്ങൂർ മില്ലുംപടി ഭാഗത്ത് എംസി റോഡിൽനിന്ന് 200 മീറ്റർ മാത്രം അകലെയാണ് ഈ ഭൂമി കിടക്കുന്നത്. സെന്റിന് നല്ല വിലകിട്ടുന്ന ഈ സ്ഥലം മനുഷ്യത്വത്തിന്റെ പേരിൽ വിട്ടു നൽകുന്ന രഘുവിനെ അഭിനന്ദിക്കുകയാണ് നാട്ടുകാരും.
സേവാഭാരതിക്കാണ് ഭൂമി കൈമാറുന്നത്. ഈ ഭൂമിയിൽ ഫ്ളാറ്റ് നിർമിച്ച് വീടില്ലാത്ത നിർധന കുടുംബങ്ങളെ താമസിപ്പിക്കാനാണ് പദ്ധതി. ഞായറാഴ്ച നാലിന് വേങ്ങൂർ ജഗന്നാഥ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് ഭൂമി കൈമാറ്റം.
എവി രഘുവിൽനിന്ന് സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. ഇപി കൃഷ്ണൻ നമ്പൂതിരി രേഖകൾ ഏറ്റുവാങ്ങും. ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. ഭൂഅവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജക് എസ് രാമനുണ്ണിയാണ് മുഖ്യാതിഥി.