തിരുവനന്തപുരം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് മൂന്നു കേസുകൾ രജിസ്റ്റർ ചെയ്തു. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ രണ്ടും ത്യശൂർ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
എറണാകുളം പൊലീസ് അസിസ്റ്റന്റ് കമ്മീഷ്ണർ കെ.ലാൽജിയുടെ പേരിൽ വ്യാജസന്ദേശം പ്രചരിപ്പിച്ചതിനാണ് ഒരു കേസ്. കോവിഡ് 19 വൈറസ്സുമായി ബന്ധപ്പെട്ട് അസുഖങ്ങൾ ഒന്നുംതന്നെ ഇല്ലെന്നും സർക്കാർ മനഃപൂർവ്വം പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നതാണെന്നും കാണിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് ജേക്കബ് വടക്കാഞ്ചേരി എന്നയാളെ പ്രതിയാക്കിയാണ് രണ്ടാമത്തെ കേസ്.
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ കൊറോണ ബാധിച്ചയാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് എരുമപ്പെട്ടി സ്വദേശി പ്രവീഷിനെതിരെയാണ് കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.










Manna Matrimony.Com
Thalikettu.Com






