നവോഥാന നായകനായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിത കഥ പറയുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ടിജി വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നടൻ സിജു വിൽസനാണ് ആറാട്ടുപുഴ വേലായുധ പണിക്കരായി വേഷമിടുന്നത്.
ഈ ഓണത്തിന് പാൻ ഇന്ത്യൻ റീലീസായാണ് ചിത്രം പുറത്തിറങ്ങുക. ഇപ്പോഴിതാ ചിത്രത്തിന്റെ സെൻസറിങ് പൂർത്തിയായ വിവരം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ. കട്ടുകളൊന്നും കൂടാതെ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നതെന്ന് സാമൂഹിക മാധ്യമത്തിലൂടെ വിനയൻ അറിയിച്ചു.
“ഇന്നായിരുന്നു പത്തൊമ്പതാം നുറ്റാണ്ടിൻെറ സെൻസർ. കട്ട്സ് ഒന്നുമില്ലാതെ U/A സർട്ടിഫിക്കറ്റ് ലഭിച്ചു. സംഘർഷഭരിതമായ ഒരു കാലഘട്ടത്തിൻെറ കഥപറയുന്ന തീക്ഷ്ണമായ പ്രമേയവും കുറച്ചൊക്കെ വയലൻസ് നിറഞ്ഞ ആക്ഷൻ രംഗങ്ങളുമുള്ള ചിത്രത്തിന് സെൻസർ കട്ട് ഒന്നുമില്ല എന്നതിൽ വളരെ സന്തോഷം.
കണ്ടവർക്കെല്ലാം ഏറെ ഇഷ്ടപ്പെട്ടു എന്നതിൽ അതിലേറെ സന്തോഷം. ഓണത്തിന് തീയറ്ററുകളിൽ ഒരുത്സവ പ്രതീതി സൃഷ്ടിക്കുവാൻ നമ്മുടെ സിനിമയ്ക്കു കഴിയുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു. സഹകരിച്ച, സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി” വിനയൻ ഫേസ്ബുക്കിൽ കുറിച്ചു.
ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യയിലെ പ്രശസ്തനായ സംഗീതജ്ഞൻ സന്തോഷ് നാരായനാണ് ചിത്രത്തിൽ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. സന്തോഷ് സംഗീതമൊരുക്കുന്ന മലയാളത്തിലെ ആദ്യത്തെ പ്രോജക്ട് ആണിത്.
കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കും.










Manna Matrimony.Com
Thalikettu.Com







