പ്രതിപക്ഷ നേതാവ് വിഡി സതീശനെ ലീഡറായി വിശേഷിപ്പിച്ച് തിരുവനന്തപുരം നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ പടുകൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. ഇരട്ടച്ചങ്കനല്ല, യഥാര്‍ത്ഥ ലീഡര്‍ വി.ഡി. സതീശനാണെന്നാണ് ഫ്‌ലക്‌സ് ബോര്‍ഡുകളിലുള്ളത്. ഇത് ആരാണ് സ്ഥാപിച്ചതെന്ന് ഫ്‌ലക്‌സ് ബോര്‍ഡിലില്ല. സംസ്ഥാന കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതുവരെയുള്ള ചരിത്രത്തില്‍ ഒരേയൊരു ലീഡറേ ഉണ്ടായിട്ടുള്ളൂ. അത് മുന്‍മുഖ്യമന്ത്രി കെ. കരുണാകരനാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയത്തിന്റെ എല്ലാ ക്രഡിറ്റും സതീശന് നല്‍കുന്ന തരത്തിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒറ്റച്ചങ്കേയുള്ളൂ, ഒരു നിലപാടേയുള്ളൂ, നിലപാടുള്ളയാള്‍ വി.ഡി. സതീശന്‍ എന്നെഴുതിയ ഫ്‌ലക്‌സ് ബോര്‍ഡുകളും പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രതിപക്ഷ നേതാവ് ഇന്ന് തിരുവനന്തപുരത്തേയ്ക്ക് മടങ്ങിയെത്തുകയാണ്. അദ്ദേഹത്തിന് വലിയ സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.
തൃക്കാക്കരയില്‍ തോറ്റാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം തനിക്കാണെന്ന് വി.ഡി. സതീശന്‍ പറഞ്ഞിരുന്നു. പ്രചാരണത്തിന്റെ നേതൃത്വവും അദ്ദേഹം തന്നെയാണ് നേരിട്ട് ഏറ്റെടുത്തിരുന്നത്.
സംസ്ഥാന കോണ്‍ഗ്രസില്‍ വരും ദിവസങ്ങളില്‍ ഉടലെടുക്കാന്‍ സാധ്യതയുള്ള പുതിയ സമവാക്യങ്ങളുടെയോ ശാക്തിക ചേരിയുടെയോ തുടക്കമായാണ് ഇതിനെ വിലയിരുത്തപ്പെടുന്നത്. മറ്റ് മുതിര്‍ന്ന നേതാക്കളുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന സതീശന് ഡി.സി.സിയുടെ നേതൃത്വത്തില്‍ വലിയ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തൃക്കാക്കരയിലെ വിജയം കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നാണ് അഭിപ്രായപ്പെടുന്നത്.
ഉമാ തോമസിനെ 25,015 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തൃക്കാക്കരക്കാര്‍ വിജയിപ്പിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് 47,752 വോട്ടാണ് ലഭിച്ചത്. അതായത്, കഴിഞ്ഞ വര്‍ഷം ലഭിച്ചതിലും 2,858 വോട്ട് മാത്രം കൂടുതല്‍. എന്നാല്‍ ഇത്തവണത്തെ പോളിങ്ങ് ശതമാനം കഴിഞ്ഞ തവണത്തേതിലും കുറവായിരുന്നു.










Manna Matrimony.Com
Thalikettu.Com







