പാലക്കാട്: ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും കന്യാകുമാരി വിവേകാനന്ദ കേന്ദ്രം അധ്യക്ഷനുമായ പി പരമേശ്വൻ (94) അന്തരിച്ചു. ഒറ്റപ്പാലത്ത് ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ 12.10നായിരുന്നു അന്ത്യം.
1927 ൽ ചാരമംഗലം താമരശ്ശേരി ഇല്ലത്ത് പരമേശ്വരൻ ഇളയതിന്റെയും സാവിത്രി അന്തർജ്ജനത്തിന്റെയും ഇളയമകനായാണ് ജനനം. വൈചാരിക മേഖലയിൽ ഭാരതീയ ദർശനത്തിന്റെ ആഴവും വ്യാപ്തിയും പകർന്ന ചിന്തകനായിരുന്നു അദ്ദേഹം.
2018ൽ പത്മവിഭൂഷണനും 2004ൽ പത്മശ്രീയും നൽകി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. 1977 മുതൽ 1982 വരെ ഡൽഹി കേന്ദ്രമായി ദീനദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. ഇ.എം.എസ്.നമ്പൂതിരിപ്പാടും പി.ഗോവിന്ദപ്പിള്ളയുമായി അടുപ്പം സൂക്ഷിച്ചിരുന്നു. 1982ൽ തിരുവനന്തപുരത്ത് ഭാരതീയ വിചാരകേന്ദ്രം സ്ഥാപിച്ചു. കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ഉപാദ്ധ്യക്ഷനായ അദ്ദേഹം പിന്നീട് അധ്യക്ഷനായി പ്രവർത്തിച്ച് വരികയായിരുന്നു.
സ്വാമി ആഗമാനന്ദന്റെ ശിഷ്യനായി ശ്രീരാമകൃഷ്ണ മിഷനുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച അദ്ദേഹം പിന്നീട് തിരുവനന്തപുരത്ത് വെച്ച് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായി. കേസരി വാരികയുടെ തുടക്കത്തിലും വളർച്ചയിലും നിർണായക പങ്കുവഹിച്ചു. 1967 മുതൽ 71വരെ ജനസംഘം ദേശീയ സെക്രട്ടറിയും 1971 മുതൽ 77വരെ അഖിലേന്ത്യാ ഉപാദ്ധ്യക്ഷനുമായിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പ്രക്ഷോഭം നയിച്ചതിന് 1975 മുതൽ 77വരെ മിസ തടവുകാരനായി ജയിൽ വാസം അനുഷ്ടിച്ചിട്ടുണ്ട്.
പരേതരായ വാസുദേവൻ , കേശവൻ എന്നിവർ സഹോദരങ്ങളാണ് . മുഹമ്മ എൽപി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചേർത്തല ഗവ ഹൈസ്‌കൂൾ, ചങ്ങനാശ്ശേരി എസ്ബി കോളേജിലുമായിരുന്നു തുടർപഠനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഓണേഴ്സിൽ സ്വർണമെഡലോടെ ബിരുദം പാസായി.
അമൃതകീർത്തി പുരസ്‌കാരമുൾപ്പെടെയുള്ള ബഹുമതികൾ ലഭിച്ച വ്യക്തിയാണ് ഇദ്ദേഹം. 1992 ൽ കേരളത്തിൽ നിന്നൊരാളെ മദ്ധ്യപ്രദേശിൽ നിന്ന് രാജ്യസഭ എംപി ആക്കാൻ ബിജെപി തീരുമാനിച്ചപ്പോൾ പരമേശ്വരന്റെ പേര് നിർദേശിക്കപ്പെട്ടു. എന്നാൽ രാജ്യസഭയിലേക്ക് മത്സരിക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ ക്ഷണം അദ്ദേഹം നിരസിച്ചതായാണ് അറിയുവാൻ കഴിയുന്നത്.
കേരളത്തിലെ സാംസ്‌കാരിക മേഖലയിലെ വിപ്ലവകരമായ പ്രവർത്തനങ്ങളിൽ അദ്ദേഹത്തിന്റെ കയ്യൊപ്പുണ്ടായിരുന്നു. മാർക്സിൽ നിന്നും മഹർഷിയിലേക്ക്, മാർക്സും വിവേകാനന്ദനും തുടങ്ങി പാണ്ഡിത്യത്തിന്റെയും വിചാരവിപ്ലവത്തിന്റെയും സവിശേഷതകൾ വിളിച്ചോതുന്ന നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ പ്രചാരകൻ, സ്വതന്ത്ര ഭാരതം ഗതിയും നിയതിയും, അരവിന്ദ ദർശനത്തെ പരിചയപ്പെടുത്തിയ ഭാവിയുടെ ദാർശനികൻ തുടങ്ങിയവ വിചാരമേഖലയിൽ ചലനങ്ങൾ സൃഷ്ടിച്ചു.