കൊല്ലം: കൊല്ലം അഞ്ചലിൽ ഇതര സംസ്ഥാന തൊഴിലാളിയെ സഹപ്രവർത്തകനും ബന്ധുവുമായ യുവാവ് അതിക്രൂരമായി കഴുത്തറുത്തു കൊലപ്പെടുത്തി. കൊലക്ക് ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. ആസാം സ്വദേശി ജലാലുദ്ദീൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ അബ്ദുൽ അലി എന്നയാളെ ഗുരുതര പരിക്കുകളോടെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് പുലർച്ചെ നാലോടെയാണ് സംഭവം. ഉച്ചത്തിലുള്ള അലർച്ച കേട്ട് ഒപ്പമുണ്ടായിരുന്ന മറ്റുള്ളവർ എത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന ജലാലുദ്ദീനെയാണ് കണ്ടത്. ആക്രമണം തടയാൻ ഇവർ ശ്രമിച്ചുവെങ്കിലും ഇവർക്ക് നേരെയും അബ്ദുൽ അലി വെട്ടുകത്തി വീശിയതോടെ ഇവർ ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടയിൽ റൂമിലേക്കുള്ള ഗ്രില്ല് ഗേറ്റ് പൂട്ടിയ അബ്ദുൽ അലി കഴുത്ത് അറുത്ത് ആത്മഹത്യക്ക് ശ്രമിച്ചു.
വിവരം അറിഞ്ഞെത്തിയ അഞ്ചൽ പൊലീസ് അകത്തു കയറി അബ്ദുൽ അലിയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു, ഒരു വർഷത്തോളമായി ഇവർ അഞ്ചലിലെ കോഴിക്കടയിലെ ജീവനക്കാരാണ്. കഴിഞ്ഞ ദിവസം ഫോൺ സംബന്ധമായ വിഷയമായി ബന്ധപ്പെട്ട തർക്കം ഉണ്ടായതായി പറയുന്നു. കൊല നടത്തിയതിനു ശേഷവും അബ്ദുൾ ടിക് ടോക് ചെയ്തു.
കഴുത്തു അറുത്ത അബ്ദുളിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പുനലൂർ ഡിവൈഎസ്പി, അഞ്ചൽ സർക്കിൾ ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട് .