മതനിന്ദക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട് എട്ടു വർഷം നരകയാതന അനുഭവിച്ചശേഷം പാക്കിസ്ഥാനിൽനിന്നു രക്ഷപ്പെടാൻ കഴിഞ്ഞ നാല്പത്തേഴുകാരി ക്രൈസ്തവ വീട്ടമ്മ ആസിയ ബീബിയുടെ കഥ ഇങ്ങനെയാണ്..
അഞ്ചു കുട്ടികളുടെ അമ്മയായ ആസിയയ്ക്ക് 2010 ലാണ് പാക്കിസ്ഥാനിൽ വധശിക്ഷ വിധിച്ചത്. അയൽക്കാരുമായുള്ള വഴക്കിനിടെ മതനിന്ദക്കുറ്റം ചെയ്തെന്നായിരുന്നു ആരോപണം. കാര്യമായ തെളിവുകളൊന്നുമില്ലായിരുന്നു.
വിദേശ രാജ്യങ്ങളടക്കം ആസിയയുടെ വധശിക്ഷക്കെതിരെ രംഗത്ത് വന്നിരുന്നു. കെട്ടിച്ചമച്ച കേസാണിതെന്നുള്ള ആരോപണം ഉയർന്നപ്പോൾ, 2018ൽ പാക് സുപ്രീംകോടതി ആസിയയെ കുറ്റവിമുക്തയാക്കി. പക്ഷേ പാക്കിസ്ഥാനിലെ മതഭ്രാന്തന്മാർ രാജ്യത്ത് കലാപം സൃഷ്ടിച്ചപ്പോൾ ആസിയയുടെ മോചനം വൈകി. പാക് സർക്കാർ അവരെ രഹസ്യതാവളത്തിൽ പാർപ്പിച്ചു. വിദേശരാജ്യങ്ങളുടെ സമ്മർദംമൂലം ഒടുവിൽ കഴിഞ്ഞ മേയിൽ കാനഡയിലേക്കു പോകാൻ ഇവർ സമ്മതിച്ചു. സുരക്ഷ മുൻനിർത്തി ആസിയയും കുടുംബവും കാനഡയിൽ താമസിക്കുന്ന സ്ഥലം ഇപ്പോൾ രഹസ്യമാണ്.
തനിക്കു രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലും പാക്കിസ്ഥാനിലുള്ള ക്രൈസ്തവരുടെ കാര്യത്തിൽ ആസിയ ഉത്കണ്ഠപ്പെടുന്നു. അവർ പ്രതികാരത്തിന് ഇരയായേക്കാം. കാനഡ അഭയം നല്കിയതിൽ ആസിയ കാനഡ അധികൃതരോട് നന്ദി പറയുന്നു.. പക്ഷേ, പിറന്ന നാട് ഉപേക്ഷിച്ചതിലുള്ള ദുഃഖം ആസിയയ്ക്കു സഹിക്കാനാകുന്നില്ല. സ്വന്തം നാട്ടിൽ ഇനിയൊരിക്കലും കാലുകുത്താനാകുമെന്ന പ്രതീക്ഷയും അവർക്കില്ല.
ബീബിയെ പിന്തുണയ്ക്കുകയും മതനിന്ദാ നിയമത്തിനെതിരേ പരസ്യനിലപാടു സ്വീകരിക്കുകയും ചെയ്തതിന്റെ പേരിൽ പാക് ഗവർണർ സൽമാൻ തസീർ, പാക് ന്യൂനപക്ഷകാര്യമന്ത്രി ഷഹബാസ് ഭട്ടി എന്നിവരെ തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു.
ജയിൽ പുള്ളികളെ കഴുത്തിൽ ഇരുമ്പ് കോളറും കൈയിൽ ചങ്ങലയുമിട്ടിട്ടു ജയിൽ ഗാർഡുകൾ നട്ട് ഉപയോഗിച്ച് കോളർ മുറുക്കും. ഒരിക്കലും വിട്ടൊഴിയാതെ മരണഭീതിയാണ് പാകിസ്ഥാൻ ജയിലുകളിൽ നിന്നും പുറത്തു വരുന്നത്.
കാനഡയിൽ രഹസ്യമായി കഴിയുന്ന ആസിയാ ബീബിയുടെ ആത്മകഥ ‘ഒടുക്കം സ്വതന്ത്ര’ പുറത്തുവന്നു. ആസിയയുടെ മോചനത്തിനായി പോരാടിയ മാധ്യമപ്രവർത്തക ഇസബെൽ ആൻ ടൊളെറ്റ് ആണ് ആത്മകഥയുടെ രചയിതാവ്. ഫ്രഞ്ചിലാണ് ആത്മകഥ എഴുതിയിരിക്കുന്നത്. ഇംഗ്ലീഷ് പതിപ്പ് (ഫൈനലി ഫ്രീ) നവംബറിൽ പ്രസിദ്ധീകരിക്കും. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾ നേരിടേണ്ടിവരുന്ന പീഡനങ്ങളും ജയിലിലെ നരകയാതനകളുമാണ് ആത്മകഥയിലെ ഉള്ളടക്കം.