അമ്പലപ്പുഴ: അമ്പലപ്പുഴ ക്ഷേത്രത്തിൽ അന്തിയുറങ്ങിയ ഉഷക്കും പെണ്മക്കൾക്കും അന്തിയുറങ്ങാൻ വീടൊരുങ്ങി. തെരുവിൽ നിന്നാണ് ഉഷയേയും മക്കളേയും ഇവർ കൈപിടിച്ചുയർത്തിയത്. കളർകോട് എസ്ഡി കോളജിൽ ഹോസ്റ്റൽ ജീവനക്കാരിയായ ഉഷ (40) മക്കളായ ഭദ്ര(16), പാർവതി (14) എന്നിവർ പലയിടങ്ങളിലായി വാടകക്ക് കഴിയുകയായിരുന്നു.
ഒരു വർഷം മുൻപാണ് ഇവർ അന്പലപ്പുഴയിൽ വാടകക്ക് താമസമാരംഭിച്ചത്. എന്നാൽ ഇവിടെ വാടക കുടിശികയായതോടെ വീട്ടുടമ ഇവരെ ഇറക്കി വിട്ടു. പിന്നീട് അന്പലപ്പുഴ ക്ഷേത്രമായിരുന്നു അഭയം. കളഭ ദിവസങ്ങളിൽ ഉച്ചഭക്ഷണവും ക്ഷേത്രത്തിൽ നിന്നു തന്നെയായിരുന്നു. അന്തിയുറക്കം ക്ഷേത്ര കളിത്തട്ടിലും. കളഭം അവസാനിച്ചതോടെ ക്ഷേത്രത്തിൽ തിരക്ക് കുറഞ്ഞു.
പിന്നെ തൊട്ടടുത്ത കാർ പാർക്കിംഗ് ഏരിയായിലേക്ക് മാറി താമസം. ഭക്ഷണം പോലും കഴിക്കാതെയായിരുന്നു അന്പലപ്പുഴ മോഡൽ സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്ന ഭദ്രയും പറവൂർ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന പാർവതിയും സ്കൂളിൽ പോയിരുന്നത്.
സഹപാഠിയുടെ ദുരിത ജീവിതം ശ്രദ്ധയിൽപ്പെട്ട ഭദ്രയുടെ ഒപ്പം പഠിക്കുന്ന വണ്ടാനം സ്വദേശിനി ഫാത്തിമ, പിതാവ് ഹാരിസിനെ വിവരം അറിയിച്ചതോടെയാണ് ഉഷയുടെയും കുടുംബത്തിന്റെയും ദുരിതജീവിതം പുറം ലോകമറിയുന്നത്.
രണ്ട് പെണ്മക്കളുമായി തെരുവിൽ കിടക്കുന്ന ഉഷയുടെ അവസ്ഥ ഹാരിസ് സുൽത്താൻ ബത്തേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഡോറ എന്ന സന്നദ്ധ സംഘടനയുടെ ഡയറക്ടറും കോഴിക്കോട് ഫറൂക് സ്വകാര്യ ആശുപത്രിയിലെ നഴ്സുമായ നർഗീസ് ബീഗത്തെ അറിയിച്ചു. ഇവർ മുൻകൈയെടുത്താണ് ഉഷക്കും കുടുംബത്തിനും കാക്കാഴത്ത് വാടക വീട് ഒരുക്കിയത്.
വാടകയും വീട്ടുപകരണങ്ങളും ഉൾപടെ എല്ലാം നർഗീസ് ബീഗം നൽകി. നിരവധി സുമനസുകളുടെ സഹായം കൊണ്ട് നർഗീസിന്റെ നേതൃത്വത്തിൽ ഇതിനകം 56 വീടുകൾ ഇത്തരത്തിൽ നൽകിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തംഗം യു.എം. കബീർ, നിസാർ വെള്ളാപ്പള്ളി, ഹാരിസ്, നിസാർ എന്നിവർ പങ്കെടുത്തു.