കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ തുടങ്ങി . ആക്രമിക്കപ്പെട്ട നടിയും ഒന്നാം പ്രതി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍കുമാറും, എട്ടാം പ്രതി ദിലീപും വിചാരണയ്ക്കായി കോടതിയിലെത്തി. കേസിനാസ്പദമായ സംഭവം നടന്ന് രണ്ട് വര്‍ഷവും 11 മാസവും പിന്നിടുന്ന ഇന്നാണ് വിചാരണ നടപടികള്‍ ആരംഭിച്ചത് .
ആദ്യദിവസം ആക്രമിക്കപ്പെട്ട നടിയുടെ വിസ്താരമാണ് നടക്കുക . നടിയുടെ സ്വകാര്യത മാനിച്ച് അവരുടെയോ വാഹനത്തിന്‍റെയോ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിന് മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട് . അടച്ചിട്ട കോടതി മുറിയിലാണ് നടിയുടെ വിചാരണ നടക്കുക .
കേസ് പരിഗണിക്കാന്‍ വനിതാ ജഡ്ജി തന്നെ വേണമെന്നുള്ള നടിയുടെ ആവശ്യം നേരത്തെ സുപ്രീം കോടതി അംഗീകരിച്ചിരുന്നു . കൊച്ചി സിബിഐ കോടതി ജഡ്ജിക്കാണ് ഇതിനുള്ള ചുമതല നല്‍കിയിരിക്കുന്നത്. പ്രത്യേക കോടതി ജഡ്ജി ഹണി വര്‍ഗീസിന്‍റെ മേല്‍നോട്ടത്തില്‍, കേസ് വിചാരണ തുടങ്ങുന്നതിനു മുന്നോടിയായി പ്രതികളെ കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ 136 സാക്ഷികളെയാണ് കോടതി വിസ്തരിക്കുന്നത്. അതില്‍ മലയാള സിനിമയിലെ പ്രമുഖ നടി നടന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉണ്ടാകും . 2012 ലാണ് കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയുടെ തുടക്കമെന്നും ഈ ഗൂഢാലോചനയില്‍ ദിലീപ് പങ്കാളിയാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിര്‍ണായക കണ്ടെത്തല്‍.