കൊച്ചി: കൊച്ചി നഗരത്തിലൂടെ ബാബുവേട്ടൻ സൈക്കിളിൽ പോകുന്നതു കണ്ടാൽ ആരും നോക്കി നിൽക്കും. സ്വന്തമായി അസംബിൾ ചെയ്തെടുത്ത ഇലക്ട്രിക് സൈക്കിളിലെ ചവിട്ടാതെയുള്ള യാത്ര. 25 കിലോമീറ്റർ വരെ വേഗത്തിൽ പോകുന്ന സൈക്കിളാണ് കൈയിലുള്ളത്. പച്ചക്കറി വാങ്ങാനും പലചരക്ക് വാങ്ങാനും എന്തിനു പള്ളിയിൽ പോകാൻവരെ ബാബുവേട്ടൻ സൈക്കിളിനെയാണ് ആശ്രയിക്കുന്നത്.
ഇലക്ട്രിക് സൈക്കിളിനു കുറഞ്ഞതു 25,000 രൂപ വരുന്പോൾ 7500 മുതൽ 10,000 രൂപ വരെയുണ്ടെങ്കിൽ ബാബുവേട്ടന്റെ സൈക്കിൾ റെഡി. ഒരു മണിക്കൂർ ചാർജ് ചെയ്താൽ 15 കിലോമീറ്റർ വരെ ലഭിക്കും. പത്താംക്ലാസ് കഴിഞ്ഞപ്പോൾ റേഡിയോ അസംബിൾ പഠിക്കാൻ കോൽക്കത്തയിലേക്കു വണ്ടികയറിയതാണ്. അവിടെ പഠിച്ചുതീരുന്നതിനു മുന്‍പു റേഡിയോ റെഡിയാക്കി. റേഡിയോയുടെ കാലം കഴിഞ്ഞപ്പോൾ സ്റ്റീരിയോയിലേക്ക് കടന്നു. കൊച്ചി കടവന്ത്രയിൽ കിരണ്‍ ഇലക്ട്രോണിക്സ് എന്ന സ്ഥാപനം തുടങ്ങി. 40 വർഷത്തോളം ഈ സ്ഥാപനം നിലനിർത്തി.
ഇതിനിടയിൽ പരീക്ഷണങ്ങൾ ധാരാളം. വിസിആർ, ടിവി ആന്റിന, എൽഇഡി എന്നിവയിലും കൈവച്ചു. എൽഇഡി ബോർഡുകൾ ഡോക്ടർമാർക്കും പളളികളിലേക്കും സ്ഥാപനങ്ങൾക്കും നിർമിച്ചു നൽകി. ഭാര്യ വത്സല മരിച്ചശേഷം മക്കളുടെ കൂടെ കഴിയുന്പോഴും ഇന്ന് ആരോഗ്യപ്രശ്നങ്ങളിലേക്കൊന്നും പോകാത്തത് ഈ വ്യായാമമാണെന്നു പറയാൻ ബാബുവേട്ടന് നൂറു നാവാണ്. മൂത്തമകൻ കിരണും കുടുംബവും കൊച്ചിയിലുണ്ട്. ബാബുവേട്ടന്റെ സൈക്കിളിൽ ഒരു 85 കിലോ ഭാരമൊക്കെ ഒരു പ്രശ്നവുമില്ലാതെ കൊണ്ടുപോകാം.