മിന്നല്‍ മുരളി സിനിമയെയും ടൊവിനോയെയും അഭിനന്ദിച്ച് ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍. സിനിമ കൊള്ളാമെന്നും പതിവു രീതികളെ തകര്‍ക്കുന്ന സിനിമയാണെന്നും കരണ്‍ ജോഹര്‍ പറഞ്ഞു. മിന്നല്‍ മുരളിയായി സിനിമയില്‍ അഭിനയിച്ച നടന് ടൊവിനോ തോമസിന് വാട്സപ്പില്‍ സന്ദേശമയക്കുകയായിരുന്നു കരണ്‍. ടൊവിനോ തന്നെയാണ് ഈ മെസേജിന്റെ സ്ക്രീന്‍ഷോട്ട് അടക്കം പങ്കുവച്ച് വിവരം അറിയിച്ചത്.
‘അവസാനം, ഇന്നലെ രാത്രി എനിക്ക് മിന്നല്‍ മുരളി കാണാന്‍ അവസരം ലഭിച്ചു. സിനിമ വളരെ നേരമ്പോക്കായിരുന്നു. വളരെ സമര്‍ത്ഥമായി നിര്‍മിച്ച് ആദ്യാവസാനം സിനിമയിലെ വിനോദം നിലനിര്‍ത്തിയിരിക്കുന്നു. പതിവു രീതികളെ തകര്‍ത്ത ഒരു സൂപ്പര്‍ ഹീറോ സിനിമ ആയിരുന്നു. താങ്കള്‍ വളരെ ഗംഭീരമായി ചെയ്തു. അഭിനന്ദനങ്ങള്‍. സന്തോഷം.’- കരണ്‍ ജോഹര്‍ കുറിച്ചു.
ടൊവിനോ തോമസ്- ബേസില്‍ ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ മിന്നല്‍ മുരളി ജൈത്രയാത്ര തുടരുകയാണ്. 30ലധികം രാജ്യങ്ങളില്‍ മിന്നല്‍ മുരളി ആദ്യ പത്തിലുണ്ട്. ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെയുള്ള ആഴ്ചയില്‍, ഇംഗ്ലീഷ് ഇതര സിനിമകളിലെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ മൂന്നാമതായിരുന്നു സിനിമ. ഇന്ത്യയില്‍ ഇപ്പോഴും മിന്നല്‍ മുരളി ട്രെന്‍ഡിംഗ് പട്ടികയില്‍ ഒന്നാമതുണ്ട്. സംവിധായകന് ബേസില്‍ ജോസഫ് തന്നെയാണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്.










Manna Matrimony.Com
Thalikettu.Com







