ഏറ്റുമാനൂർ മഹാദേവ ക്ഷേത്ര ഉത്സവത്തിനുള്ള കൊടിക്കൂറ-കൊടിക്കയർ സമർപ്പണം ഭക്തിനിർഭരമായി നടന്നു. തിരുവുത്സവം പ്രമാണിച്ച് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് അഞ്ചു വരെ ക്ഷേത്രത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു;

ഏറ്റുമാനൂർ: തിരുവുത്സവം പ്രമാണിച്ച് ഫെബ്രുവരി 25 മുതല്‍ മാര്‍ച്ച് അഞ്ചു വരെ ക്ഷേത്രത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം ജില്ലാ കളക്ടര്‍ ഉത്സവമേഖലയായി പ്രഖ്യാപിച്ചു. മഹാദേവ ക്ഷേത്ര ഉത്സവത്തിനുള്ള കൊടിക്കൂറ-കൊടിക്കയർ സമർപ്പണം കഴിഞ്ഞ ദിവസം നടന്നു. ഇന്നലെ വൈകിട്ട് തന്ത്രി കണ്ഠര് രാജീവര് ‍ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ.എൻ.ശ്രീകുമാറിൽ നിന്ന് കൊടിക്കൂറയും കൊടിക്കയറും ഏറ്റുവാങ്ങി. ക്ഷേത്രത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ക്ഷേത്രം തന്ത്രി കൊടിക്കൂറയും കൊടിക്കയറും ഏറ്റുവാങ്ങുന്നത്.

തുടർന്ന് ഭക്തജനങ്ങളുടെയും വിവിധ ഹൈന്ദവ സംഘടനകളുടെയും നേതൃത്വത്തിൽ വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ രഥഘോഷയാത്ര 2.30ന് ആരംഭിച്ചു. അലങ്കരിച്ച രഥത്തിലെത്തിയ കൊടിക്കൂറയ്ക്കും കൊടിക്കയറിനും നാടെങ്ങും സ്വീകരണം ഒരുക്കിയിരുന്നു. അയ്മനം, കുടമാളൂർ, ആർപ്പൂക്കര, കൈപ്പുഴ, നീണ്ടൂർ, കുറ്റിയാനിക്കുളങ്ങര, പാറയിൽ കവല എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം അതിരമ്പുഴ പള്ളി മൈതാനത്ത് ഓട്ടോറിക്ഷ തൊഴിലാളികളുടെയും മറ്റം കവലയിൽ വെണ്മനത്തൂർ മഹാവിഷ്ണു ക്ഷേത്രം ഉപദേശക സമിതിയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകി.

എസ്എൻഡിപി ഗുരുദേവ ക്ഷേത്രത്തിലും സ്വീകരണമൊരുക്കിയിരുന്നു. സെൻട്രൽ ജംക്‌ഷനിൽ നഗരസഭാധ്യക്ഷൻ ജോർജ് പുല്ലാട്ട്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.പി.തോമസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

Exit mobile version