നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും നേരത്തേ നടത്താന്‍ ധാരണ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സീറ്റ് വിഭജനം ഇത്തവണ നേരത്തേ നടത്താന്‍ ഹൈക്കമാന്‍റിന്‍റെ നിര്‍ദ്ദേശം. സംസ്ഥാന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ ഘടകകക്ഷി നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന പ്രധാന നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു ഇത്.

സീറ്റ് വിഭജനവും സ്ഥാനാര്‍ഥി നിര്‍ണയവും പരമാവധി നേരത്തേ ആക്കാനാണ് സാധ്യത. മുന്‍ കാലങ്ങളില്‍ നാമനിര്‍ദ്ദേശ പത്രിക  പിന്‍വലിക്കാനുള്ള തീയതിവരെ സ്ഥാനാര്‍ഥി നിര്‍ണയം നീണ്ടുപോകുന്ന പതിവ് ഇത്തവണ ആവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടിരുന്നത്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍റിനും അനുകൂല നിലപാടാണുള്ളത്.

അതോടൊപ്പം ഘടകകക്ഷികള്‍ക്ക് മാന്യമായ പരിഗണന നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ഘടകകക്ഷി നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഘടകകക്ഷികളെ ഒരോ തെരഞ്ഞെടുപ്പ് സമയത്തും ഞെരുക്കി ഇല്ലാതാക്കുന്ന സമീപനം മാറണം. നേര്‍ പകുതി സീറ്റ് കോണ്‍ഗ്രസിനും പകുതി സീറ്റ് ഘടകകക്ഷികള്‍ക്കുമായി മാറ്റി വയ്ക്കണമെന്നായിരുന്നു ഘടകകക്ഷികളുടെ മറ്റൊരാവശ്യം.

92 സീറ്റില്‍ മത്സരിച്ച് 24 സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസ് ഇത്തവണ 70 സീറ്റില്‍ മത്സരിച്ച് ബാക്കി 70 തങ്ങള്‍ക്ക് നല്‍കണമെന്നതാണ് ആവശ്യം. ഇത് അംഗീകരിക്കപ്പെട്ടേക്കില്ല. കൂടുതല്‍ സീറ്റെന്ന ഘടകകക്ഷികളുടെ ആവശ്യവും പരിഗണിക്കില്ല. നേതൃതലത്തില്‍ മാറ്റങ്ങളുണ്ടാകണമെന്ന നേതാക്കളുടെ ആവശ്യം കേന്ദ്രം പരിഗണിക്കുന്നുണ്ട്. ഫലമുണ്ടോകുമോ എന്ന് കണ്ടറിയണം.

Exit mobile version