രമേശ് ചെന്നിത്തലയുടെ നാട്ടില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസ് ഇടതുപക്ഷത്തെ പിന്തുണച്ചപ്പോള്‍ പാലാ മുത്തോലിയില്‍ കോണ്‍ഗ്രസ് വിട്ടുനിന്ന് ബിജെപിയെ അധികാരത്തിലെത്തിച്ചത് വിവാദത്തില്‍ ! നേതാക്കള്‍ക്കെതിരെ നടപടിക്കൊരുങ്ങി കെപിസിസി നേതൃത്വം !

പാലാ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നാട്ടില്‍ ബിജെപിയെ അകറ്റി നിര്‍ത്താന്‍ യുഡിഎഫ് ഇടതുമുന്നണിയെ പിന്തുണച്ചപ്പോള്‍ മുത്തോലി ഗ്രാമ പഞ്ചായത്തില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ യുഡിഎഫ് വിട്ടു നിന്നത് വിവാദത്തില്‍. മുത്തോലിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ വഴിയൊരുക്കി കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

കേരള കോണ്‍ഗ്രസ് – എമ്മിന്‍റെ തട്ടകമായിരുന്ന മുത്തോലിയില്‍ ഇടതിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയതിന് പഴികേട്ട പഞ്ചായത്താണ്. സംഭവത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയോടും കോട്ടയം ഡിസിസിയോടും കെപിസിസി വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്.

ബിജെപിക്ക് പ്രാതിനിധ്യമുണ്ടായിരുന്ന മുത്തോലി, രാമപുരം പഞ്ചായത്തുകള്‍ തമ്മില്‍ ഇരുപാര്‍ട്ടികളും ഭരണസമിതി തെരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കിയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

മുത്തോലിയില്‍ 2 അംഗങ്ങളുള്ള കോണ്‍ഗ്രസ് വോട്ടു രേഖപ്പെടുത്താതെ ബിജെപിയെ സഹായിച്ചപ്പോള്‍ രാമപുരത്ത് 3 അംഗങ്ങളുള്ള ബിജെപി വിട്ടുനിന്ന് കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുകയായിരുന്നു എന്നാണ് ആക്ഷേപം. ഇത് ഇരു പഞ്ചായത്തുകളിലും ബിജെപി – കോണ്‍ഗ്രസ് ധാരണയുടെ അടിസ്ഥാനത്തിലാണെന്നാണ് ആക്ഷേപം.

കോണ്‍ഗ്രസിന്‍റെ ദേശിയ തലത്തിലുള്ള പ്രഖ്യാപിത രാഷ്ട്രീയ നയത്തിനെതിരാണ് മുത്തോലിയിലെ കോണ്‍ഗ്രസിന്‍റെ നീക്കം. പ്രതിപക്ഷ നേതാവിന്‍റെ സ്വന്തം പഞ്ചായത്തില്‍ ആ മാതൃകയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്.

മുത്തോലി പഞ്ചായത്തില്‍ കോണ്‍ഗ്രസ് വിജയിച്ച 2 വാര്‍ഡുകളില്‍ യഥാക്രമം ബിജെപിക്ക് 21 -ഉം 50 -ഉം വോട്ടുകളായിരുന്നു ലഭിച്ചത്. നേരേ തിരിച്ച് ബിജെപി വിജയിച്ച ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസിനും 35 -ഉം, 72 -ഉം ഒക്കെയായിരുന്നു ആകെ കിട്ടിയ വോട്ടുകള്‍. 6 സീറ്റുകള്‍ നേടി ബിജെപി ഇവിടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി. ബിജെപി നിയോജക മണ്ഡലം പ്രസിഡന്‍റ് രഞ്ജിത്ത് മീനാഭവനാണ് പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്.

കെപിസിസി നേതൃത്വം ഇതനെ ഗൗരവമായാണ് കാണുന്നത്. ഡിസിസി പ്രസിഡന്‍റിന്‍റെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തല്‍. മുത്തോലിയില്‍ ബിജെപി വിജയിച്ച വാര്‍ഡുകളിലെ കോണ്‍ഗ്രസിന്‍റെ വോട്ടു ചോര്‍ച്ച പരിഗണിക്കാതെ ബിജെപിക്ക് അധികാരത്തിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം വഴിയൊരുക്കിയെന്നാണ് ആക്ഷേപം. സംഭവത്തില്‍ നടപടിക്കൊരുങ്ങുകയാണ് പാര്‍ട്ടി നേതൃത്വം !

Exit mobile version