12 വർഷമായി മകളെ ഒരു നോക്കു കാണാനായി കാത്തിരുന്ന ഒരമ്മ ജയിലിൽ മകളെ കണ്ടു; കനിവ് തേടി നിമിഷപ്രിയയുടെ അമ്മ; നിമിഷപ്രിയയുടെ കഥ ഇങ്ങനെ

ജോലി തേടി, പുതിയ ജീവിതം തേടി നാടുവിട്ട മലയാളി യുവതി, അവിടെ അവള്‍ക്ക് വിധിക്കപ്പെട്ട വധശിക്ഷ. നിമിഷപ്രിയയെന്ന പേര് രാജ്യം കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായിരിക്കുന്നു.

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായി കാത്തിരിക്കുകയാണ് രാജ്യം. അതിനിടെയാണ് വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിമിഷപ്രിയ നല്‍കിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളിയിരിക്കുന്നത്.

ഇനി യെമന്‍ രാഷ്ട്രപതിക്ക് മാത്രമേ ഇത് സംബന്ധിച്ച് അനുകൂല തീരുമാനം കൈക്കൊള്ളാന്‍ കഴിയുകയുള്ളൂ.

അതിനിടെ മോചനചര്‍ച്ചകള്‍ക്കായി യെമനിലെ ജയിലിൽ നിമിഷപ്രിയ അമ്മയെ കണ്ടു; ഇരുവർക്കും സംസാരിക്കാൻ സമയം ലഭിച്ചു.
കൊലപാതക കുറ്റത്തിനു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട്, യെമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്കു സാധിച്ചതിന്റെ ‌ആശ്വാസത്തിലാണു കുടുംബം.

നീണ്ട നിയമപോരാട്ടങ്ങൾക്കും ഇടപെടലുകൾക്കും ശേഷമാണു പ്രേമകുമാരി മകളെ കണ്ടത്. അമ്മയും മകളും മുഖത്തേക്കു നോക്കിയതും കണ്ണുകൾ നിറഞ്ഞൊഴുകിയതും ഒരുമിച്ചായിരുന്നു. 12 വർഷമായി കാണാതിരുന്നതിന്റെ നീണ്ട അകലമാണ് ആ സങ്കടപ്പേമാരിയിൽ മാഞ്ഞുപോയത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയശേഷം അവർക്കൊപ്പമാണു പ്രേമകുമാരി ജയിലിലെത്തി നിമിഷയെ കണ്ടതും മിണ്ടിയതും. ദൂരെനാട്ടിലെ ജയിലിലുള്ള മകളെ വീട്ടിലെത്തിക്കാമെന്ന പ്രേമകുമാരിയുടെ മോഹത്തിനു കൂടുതൽ നിറംവച്ചു.

ആരാണ് നിമിഷ പ്രിയ?

പാലക്കാട് കൊല്ലങ്കോട് തേക്കിന്‍ചിറ സ്വദേശിയാണു നിമിഷപ്രിയ. 2012ലാണു തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ചത്. ടോമി ഖത്തറിൽ ഡ്രൈവറായിരിക്കുമ്പോഴാണു നിമിഷയുടെ ആലോചന വന്നതും വിവാഹം നടന്നതും. നിമിഷ അന്നു യെമനിൽ നഴ്സായിരുന്നു. കല്യാണം കഴിഞ്ഞ് ഇരുവരും യെമനിലേക്കു പോയി. അവിടെയാണു മിഷേൽ ജനിച്ചത്. മോളെ നോക്കാനായി ടോമി ജോലി രാജിവച്ചു. ഗവൺമെന്റ് ഹോസ്പിറ്റലിൽ ശമ്പളം കുറവായതിനാൽ ക്ലിനിക്കിലേക്കു നിമിഷ ജോലി മാറിയിരുന്നു. എന്നിട്ടും കാര്യമായ സമ്പാദ്യമില്ലാതിരുന്നതിനാൽ, 2014 ഏപ്രിലിൽ ഒന്നേകാൽ വയസ്സുള്ള മകളുമായി കുടുംബം നാട്ടിലെത്തി.

അങ്ങനെയൊരു ദിവസമാണു സ്വന്തമായി ക്ലിനിക് തുടങ്ങിയാൽ ജീവിതം പച്ചപിടിക്കുമെന്ന തോന്നൽ നിമിഷയ്ക്കുണ്ടായത്. ആ ലക്ഷ്യവും മനസ്സിലിട്ടു വീണ്ടും നിമിഷ യെമനിലേക്കു മടങ്ങിപ്പോയി. അധികം വൈകാതെ പോകാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമനിലെ യുദ്ധത്തെ തുടര്‍ന്നു യാത്ര മുടങ്ങി. ക്ലിനിക് തുടങ്ങാൻ പണം കടമായി തരാമെന്നു പലരുമേറ്റു. കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം ഇതിനായി മാറ്റിവച്ചു. യെമനിൽ ക്ലിനിക് തുടങ്ങണമെങ്കിൽ സ്വദേശിയുടെ ലൈസൻസ് വേണം. ഒരുമാസം കഴിഞ്ഞപ്പോൾ ഒരാളെ കിട്ടിയെന്നു ടോമിയെ നിമിഷ വിളിച്ചുപറഞ്ഞു.

ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയിരുന്ന തലാൽ അബ്ദുൽ മഹ്ദി ആയിരുന്നു അയാൾ. ഗർഭിണിയായ ഭാര്യയുടെ ചികിത്സയ്ക്കായി നിരന്തരം ക്ലിനിക്കിൽ വരാറുണ്ടായിരുന്നതിനാൽ നിമിഷയ്ക്കു തലാലിനെ പരിചയവുമുണ്ട്. ലൈസൻസ് എടുത്തു തരാമോ എന്നു തലാലിനോടു ചോദിച്ചപ്പോൾ ‘സഹായിക്കാം, നിങ്ങൾ നന്നായി കണ്ടാൽ മതി’ എന്നായിരുന്നു മറുപടി. തലാൽ കൂടെ നിൽക്കുമെന്നും ബിസിനസിലൂടെ ജീവിതം നന്നാകുമെന്നും ടോമിയും നിമിഷയും കണക്കുകൂട്ടി.

അറബിക്കും ഇംഗ്ലിഷും നന്നായി സംസാരിക്കുന്ന, കരാട്ടെയും ഡ്രൈവിങ്ങും അറിയുന്ന മിടുക്കിയാണു നിമിഷപ്രിയ. ക്ലിനിക് തുടങ്ങാനുള്ള കാര്യങ്ങളെല്ലാം ഏർപ്പാടാക്കിയശേഷം നിമിഷ നാട്ടിലേക്കു വിമാന ടിക്കറ്റെടുത്തു. കേരളം കാണണമെന്നു തലാൽ പറഞ്ഞതോടെ അയാളെയും കൂട്ടി. ലോഡ്ജിൽ തലാലിനു താമസമൊരുക്കി. കേരളമാകെ കാണിച്ചു. നല്ല പെരുമാറ്റമായതിനാൽ വിശ്വസിക്കാവുന്ന ആളാണു തലാലെന്ന് എല്ലാവർക്കും തോന്നി. ‘അൽ അമൽ മെഡിക്കൽ ക്ലിനിക്ക്’ എന്ന പേരിലാണു ക്ലിനിക് തുടങ്ങിയത്. ഗവൺമെന്റിന്റെ ഇൻസ്പെക്‌ഷൻ ഉണ്ടാകുമെന്നതിനാൽ ആറുമാസം തലാലിനെ ശമ്പളത്തോടു കൂടി ക്ലിനിക്കിൽ നിയമിക്കുകയായിരുന്നു.

മുൻപു ജോലി ചെയ്തിരുന്ന ക്ലിനിക്കിന്റെ ഉടമ ഇതിനിടെ നിമിഷയ്ക്കെതിരെ രംഗത്തെത്തി. പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ക്ലിനിക്കിന്റെ ഉടമസ്ഥാവകാശം 33 ശതമാനം തലാലിനും ബാക്കി നിമിഷയുടെ പേരിലുമായി കരാറെഴുതാൻ തീരുമാനിച്ചു. പക്ഷേ, 67 ശതമാനം അയാൾ സ്വന്തം പേരിലെഴുതി. ബിസിനസ് പങ്കാളിയെന്ന നിലയില്‍ മാന്യമായി ഇടപെട്ടിരുന്ന തലാലിന്റെ സ്വഭാവം പതുക്കെയാണു മാറിത്തുടങ്ങിയത്. നിമിഷ ഭാര്യയാണെന്നു പലരെയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റും ഉണ്ടാക്കി. ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ക്ലിനിക്കിലെ വരുമാനവും നിമിഷയുടെ സ്വർണാഭരണങ്ങളും സ്വന്തമാക്കി. പാസ്‌പോര്‍ട്ട് പിടിച്ചുവച്ചു. പരാതി നല്‍കിയ നിമിഷപ്രിയയെ തലാൽ മര്‍ദിച്ചവശയാക്കി.

ഒരിക്കൽ കത്തിയെടുത്ത് അവളുടെ കയ്യിൽ കുത്തി മുറിവേൽപ്പിച്ചു. നിമിഷ കേസു കൊടുത്തതിന്റെ പേരിൽ തലാലിനെ പലതവണ ജയിലിലടച്ചു. പക്ഷേ, കോടതിയിലെത്തിയപ്പോൾ കഥ മാറി. നിമിഷയുടെയും ടോമിയുടെയും വിവാഹ ആൽബത്തിൽനിന്നെടുത്ത ഫോട്ടോകൾ എഡിറ്റ് ചെയ്ത് നിമിഷയുടെയും തലാലിന്റെയും വിവാഹ ഫോട്ടോയാക്കി മാറ്റിയെടുത്തിരുന്നു. ഇന്ത്യയിൽവച്ചു വിവാഹിതരായെന്ന അറബിക് ഭാഷയിലുള്ള വ്യാജസർട്ടിഫിക്കറ്റും ഹാജരാക്കി. നിമിഷ അതെല്ലാം നിഷേധിച്ചെങ്കിലും കോടതിയിൽ വിലപ്പോയില്ല. നിയമം അവിടുത്തെ പൗരനു അനുകൂലമായിരുന്നു. ചതിയുടെ ചക്രവ്യൂഹത്തിൽ പെട്ടെന്ന് നിമിഷ അപ്പോൾ തിരിച്ചറിഞ്ഞു.

തലാലിന്റെ കെണിയിൽ കുടുങ്ങിയതോടെ ഒറ്റയ്ക്കു പ്രശ്നങ്ങൾ തീർക്കാനായിരുന്നു നിമിഷയുടെ ശ്രമം. ടോമിയോടു പോലും ദിവസങ്ങളെടുത്താണു കാര്യങ്ങൾ സംസാരിച്ചത്. ക്ലിനിക്കിലെ ഹാനാൻ എന്ന യെമൻകാരി നഴ്സിനു സത്യാവസ്ഥ മനസ്സിലായി. ഹാനാനും തലാലിന്റെ മർദനമേറ്റിരുന്നു. ഭർത്താവെന്ന നിലയിലുള്ള ആവശ്യങ്ങൾ നിമിഷ നടത്തികൊടുക്കുന്നില്ലെന്നു തലാൽ കേസ് കൊടുത്തപ്പോഴും അയാൾക്ക് അനുകൂലമായാണു കോടതി വിധിച്ചത്. ഉടനെ വിവാഹമോചനത്തിനു നിമിഷ കേസ് കൊടുത്തു. അപ്പോഴാകട്ടെ ഹർജിയിൽ തലാൽ ഒപ്പിട്ടുമില്ല.

‘‘ഇനി ജയിലിൽ നിന്നിറങ്ങുമ്പോൾ എങ്ങനെയെങ്കിലും അനസ്തീസിയ കൊടുത്തു മയക്കിക്കിടത്തണം. ഞാൻ വന്നു ഭീഷണിപ്പെടുത്തി വിവാഹമോചന രേഖയിൽ ഒപ്പിടീക്കാം. പാസ്പോർട്ടും തിരികെ വാങ്ങാം’’– ജയിൽ വാർഡൻ നിമിഷയോടു പറഞ്ഞു. നഴ്സ് ഹാനാനും ഇതിനെ പ്രോത്സാഹിപ്പിച്ചു.

2017ൽ ജയിലിൽനിന്നു തിരികെയെത്തിയ തലാൽ, യൂറിനറി ഇൻഫക്‌ഷനു മരുന്ന് ആവശ്യപ്പെട്ടു. മയങ്ങാനുള്ള മരുന്നാണു പകരമായി കുത്തിവച്ചത്. ലഹരി ഉപയോഗിക്കുന്ന ആളായതിനാകണം ഏറ്റില്ല. രണ്ടാമതും മരുന്ന് നൽകിയപ്പോൾ പാർശ്വഫലം മൂലം അയാൾ മരിച്ചു. ഇതുകണ്ടു ഭയന്ന് ഉറക്കഗുളിക കഴിച്ചെന്നാണു നിമിഷ പറയുന്നത്. മൃതദേഹം ഒളിപ്പിക്കാൻ ഹാനാൻ കണ്ടെത്തിയ മാർഗമാണു കഷണങ്ങളാക്കി കവറിലാക്കുക എന്നത്. അത് വാട്ടർ ടാങ്കിൽ ഇട്ടതും ഹാനാനാണ്. മയക്കംവിട്ടുണർന്ന നിമിഷ, ഹാനാന്റെ സഹായത്തോടെ രക്ഷപ്പെട്ടു. ഒരു മാസത്തിനുശേഷം പൊലീസ് പിടിയിലായി. കേസിൽ വിധി വന്നപ്പോൾ നിമിഷയ്ക്കു വധശിക്ഷ, ഹാനാന് ജീവപര്യന്തം. മറ്റൊരു പ്രതിയായ ജയിൽവാർഡൻ കേസിൽപ്പെട്ടതുമില്ല. ജയിലിലും നഴ്സായി നിമിഷ ജോലി ചെയ്തിരുന്നു. ഈ സേവനത്തിന്റെ പേരിലാണു ഫോൺ ഉപയോഗിക്കാൻ അനുമതി കൊടുത്തത്. അങ്ങനെയാണു വീട്ടുകാർ നിമിഷയുടെ സങ്കടം കൂടുതലറിഞ്ഞത്.

മൃതദേഹം അവര്‍ താമസിച്ചിരുന്ന വീടിനു മുകളിലെ ജലസംഭരണിയില്‍ വെട്ടിനുറുക്കി കവറിലാക്കിയ നിലയില്‍ കണ്ടെത്തിയതാണു നിമിഷയ്ക്കു കുരുക്കായത്. മയക്കുമരുന്ന് കുത്തിവച്ചതിനു ശേഷമുള്ളതൊന്നും അറിയില്ലെന്നു നിമിഷപ്രിയ കോടതിയില്‍ പറഞ്ഞു. വിചാരണയ്ക്കുശേഷം 2018ല്‍ കോടതി വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതി 2020ൽ ശിക്ഷ ശരിവച്ചു.

യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവ് ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും ജയിലധികൃതർ അറിയിച്ചു.

Exit mobile version