അവസാന ദിനം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത് എട്ടു പേര്‍; കോട്ടയത്തെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഏറ്റുമുട്ടുന്നത് 17 സ്ഥാനാര്‍ത്ഥികള്‍

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ 17 പേർ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിനമായ വ്യാഴാഴ്ച എട്ടു പേർ കൂടി പത്രിക സമർപ്പിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. ഫ്രാൻസിസ് ജോർജ്ജ് (കേരള കോൺഗ്രസ്), പി.ഒ. പീറ്റർ (സമാജ്‌വാദി ജന പരിഷത്ത്), ചന്ദ്രബോസ് പി. (സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ), സുനിൽ കുമാർ (സ്വതന്ത്രൻ), ജോസിൻ കെ. ജോസഫ് (സ്വതന്ത്രൻ), മന്മഥൻ (സ്വതന്ത്രൻ), ഫ്രാൻസിസ് ഇ. ജോർജ് (സ്വതന്ത്രൻ), ഫ്രാൻസിസ് ജോർജ് (സ്വതന്ത്രൻ) എന്നിവരാണ് വ്യാഴാഴ്ച പത്രിക നൽകിയത്.

പത്രിക സമർപ്പിക്കാനുള്ള അവസാന സമയം വ്യാഴാഴ്ച വൈകിട്ട് മൂന്നുവരെയായിരുന്നു. വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി മുമ്പാകെയാണ് എല്ലാവരും പത്രിക സമർപ്പിച്ചത്.

എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടൻ (കേരളാ കോൺഗ്രസ് എം), എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാർ (ഭാരത് ധർമ ജന സേന), തുടങ്ങിയവര്‍ മുമ്പ് പത്രിക നൽകിയിരുന്നു. പത്രികകളുടെ സൂക്ഷ്മപരിശോധന വെള്ളിയാഴ്ച (ഏപ്രിൽ 5) രാവിലെ 11ന് കളക്‌ട്രേറ്റിലെ വിപഞ്ചിക ഹാളിൽ നടക്കും. ഏപ്രിൽ എട്ടുവരെ നാമനിർദേശ പത്രിക പിൻവലിക്കാം. ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. ജൂൺ നാലിനാണ് വോട്ടെണ്ണൽ

Exit mobile version