ജസ്‌ന തിരോധാനത്തിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കില്ല, മതപരിവർത്തനം നടത്തിയിട്ടില്ല, മരിച്ചതിനും തെളിവില്ല; ക്രൈം ബ്രാഞ്ചിനെ തള്ളി സിബിഐ

തിരുവനന്തപുരം: കോട്ടയത്ത് നിന്നും കാണാതായ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തിൽ കേരളാ പോലീസിനും സിബിഐയ്ക്കും ഒരു തെളിവും കണ്ടെത്താനായില്ലെന്ന് സൂചന. കേരളാ പോലീസും ക്രൈം ബ്രാഞ്ചും നിർണായകമായ തെളിവുകൾ കണ്ടെത്തിയിരുന്നു എന്ന തരത്തിൽ കഴിഞ്ഞദിവസം ഉന്നത പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയ കാര്യങ്ങൾ തള്ളുന്നതാണ് സിബിഐ റിപ്പോർട്ട്.

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും മരിച്ചതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം സിജിഎം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആണ് ഈ വിശദാംശങ്ങൾ ഉള്ളത്.

ജസ്‌നയുടെ തിരോധാനത്തിന് പിന്നിൽ തീവ്രവാദ സംഘങ്ങൾക്ക് പങ്കില്ല. ജസ്ന മതപരിവർത്തനവും നടത്തിയിട്ടില്ല. കേരളത്തിലേയും സംസ്ഥാനത്തിന് പുറത്തുള്ളതുമായ മതപരിവർത്തനകേന്ദ്രങ്ങൾ പരിശോധിച്ചു. പൊന്നാനി, ആര്യസമാജം അടക്കമുള്ള സ്ഥലങ്ങളിലെത്തി പരിശോധിച്ചിരുന്നു എന്നാണ് റിപ്പോർട്ട്.

കേരളത്തിന് പുറത്ത് അയൽ സംസ്ഥാനങ്ങളിലും മുംബൈയിലും വരെ അന്വേഷിച്ചു. കോവിഡ് കാലത്ത് ജസ്ന വാക്സിൻ എടുത്തതിനോ കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്തതായോ തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല. രാജ്യത്ത് റിപ്പോർട്ട് ചെയ്ത അജ്ഞാത മൃതദേഹങ്ങളും പറ്റാവുന്നത്ര പരിശോധിച്ചു.

കൂടാതെ, കേരളത്തിലെ ആത്മഹത്യ നടക്കാറുള്ള മേഖലകളിലും അന്വേഷണം നടത്തിയെങ്കിലും എന്നാൽ, ജസ്ന മരിച്ചതിന് തെളിവ് കണ്ടെത്താൻ സാധിച്ചിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പിതാവിനെയും സുഹൃത്തിനെയും ബിഇഒഎസ് ടെസ്റ്റിന് വിധേയമാക്കി. അവർ നൽകിയ മൊഴിയെല്ലാം സത്യമാണെന്ന് തെളിഞ്ഞു.

ജസ്ന സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാറുണ്ടായിരുന്നില്ല. ഇതിനിടെ ജസ്നയെ കണ്ടെത്താനായി ഇന്റർപോളിന്റെ സഹായവും അധികൃതർ തേടി. സിബിഐ ഇന്റർപോൾവഴി 191 രാജ്യങ്ങളിൽ യെല്ലോ നോട്ടീസ് ഇറക്കിയിരുന്നു. ഏതെങ്കിലും വിദേശരാജ്യങ്ങളിൽ ഉണ്ടെങ്കിൽ കണ്ടെത്തുന്നതിനായാണ് ഈ നോട്ടീസ് നൽകിയത്.

ഇനി ഈ നോട്ടീസിന്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിവരം ലഭിച്ചാൽ മാത്രമേ തുടരന്വേഷണത്തിന് സാധ്യതയുള്ളൂ എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സിബിഐ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർഥിനിയായ ജെസ്‌ന മരിയ ജയിംസിനെ 2018 മാർച്ച് 22-ന് എരുമേലിയിൽനിന്നാണ് കാണാതായത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഇറങ്ങിയ പെൺകുട്ടി ബസ് സ്റ്റാൻഡ് വരെ എത്തിയതിന് തെളിവുണ്ട്. പിന്നീട് ആരും ജസ്‌നയെ കണ്ടിട്ടില്ല. പിതാവിന്റെ പരാതിയിൽ 2021 ഫെബ്രുവരിയിൽ ഹൈക്കോടതിയാണ് കേസ് സിബിഐയ്ക്ക് കൈമാറിയത്. കഴിഞ്ഞദിവസം സിബിഐ കേസ് അവസാനിപ്പിച്ചതായി കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.ാേ

Exit mobile version