കുടുംബത്തിന് സാമ്പത്തിക ബാധ്യത; തട്ടിക്കൊണ്ടുപോകൽ വിലപേശി പണം കൈക്കലാക്കാൻ; മകൾ ഉൾപ്പടെ മൂന്ന് പേർക്കും പങ്ക്; അറസ്റ്റ് രേഖപ്പെടുത്തി

അടൂർ: കൊല്ലം ഓയൂരിൽനിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ ദമ്പതികളുടെയും മകളുടെയും അറസ്റ്റ് രേഖപ്പെടുത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പദ്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരുടെ അറസ്റ്റാണ് പൂയപ്പള്ളി പോലീസ് രേഖപ്പെടുത്തിയത്.

ഇവരെ ഇന്ന് പുലർച്ചെ വരെ ചോദ്യം ചെയ്യലിന് വിധേയരാക്കി. അടൂർ കെഎപി മൂന്നാം ബറ്റാലിയൻ ക്യാമ്പിലായിരുന്നു ഉന്നത ഉദ്യോഗസ്ഥരടുെ നേതൃത്വത്തിൽ വിശദമായ ചോദ്യംചെയ്യൽ. തുടർന്ന് ശനിയാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പ്രതികളെ മെഡിക്കൽ പരിശോധനയ്ക്കുശേഷം തെളിവെടുപ്പിനായി പൂയപ്പള്ളിയിൽ എത്തിച്ചേക്കും. കൃത്യത്തിൽ മൂന്നുപേർക്കും നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന്റെ നിഗമനം. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത മറികടക്കാൻ തട്ടിക്കൊണ്ടുപോയി വിലപേശി പണം കൈപ്പറ്റുക എന്നതായിരുന്നു ഉദ്ദേശമെന്നാണ് പോലീസിന് ഇതുവരെ മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്.

നേരത്തെ ആറുവയസ്സുകാരിയുടെ പിതാവുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് പദ്മകുമാർ അവകാശപ്പെട്ടിരുന്നു. ഇത് കേസ് വഴിതിരിച്ചുവിടാനാണ് എന്നാണ് പോലീസ് സംശയിക്കുന്നത്. മകളുടെ നഴ്സിങ് അഡ്മിഷനുവേണ്ടി കുട്ടിയുടെ പിതാവ് റെജിക്ക് അഞ്ചുലക്ഷം രൂപ നൽകിരുന്നുവെന്നും എന്നാൽ, അഡ്മിഷൻ ലഭിച്ചില്ല. തുടർന്ന് പണം തിരികെ വാങ്ങാനാണ് കുട്ടിയെ തട്ടിയെടുത്തത് എന്നുമായിരുന്നു ഇവരുടെ ആദ്യത്തെ വാദം.

അതേസമയം, സംഭവത്തിൽ കൂടുതൽപ്പേർക്ക് പങ്കില്ലെന്നും പദ്മകുമാർ മൊഴിനൽകിയിട്ടുണ്ട്. നേരത്തെ ക്വട്ടേഷൻ സംഘങ്ങളെ വരെ പോലീസ് സംശയിച്ചിരുന്നു.

Exit mobile version