ഓസ്‌കര്‍ നേട്ടം: ‘ദി എലിഫന്റ് വിസ്പറേഴ്‌സിന്റെ’ സംവിധായികയ്ക്ക് ഒരു കോടി രൂപ സമ്മാനിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍

ചെന്നൈ: ഓസ്‌കര്‍ നേടിയ ഡോക്യുമെന്ററി ‘ദി എലിഫന്റ് വിസ്പറേഴ്‌സിന്റെ’ സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസിന് ഒരു കോടി രൂപ സമ്മാനിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.

തിങ്കളാഴ്ചയാണ് ഓസ്‌കറിന്റെ തിളക്കവുമായി കാര്‍ത്തികി ഇന്ത്യയില്‍ മടങ്ങിയെത്തിയത്. പുരസ്‌കാര നേട്ടത്തില്‍ സംവിധായികയെ തമിഴ്‌നാട് സര്‍ക്കാര്‍ ആദരിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഒരു കോടി രൂപയുടെ ചെക്ക് കാര്‍ത്തികിക്ക് സമ്മാനിച്ചു. പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. വിമാനത്താവളത്തിലെത്തിയ കാര്‍ത്തികിക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.

നേരത്തെ സ്റ്റാലിന്‍ ഡോക്യുമെന്ററിക്ക് ആധാരമായ മുതുമലയിലെ കുട്ടിയാനകളെ പരിചരിച്ച ദമ്പതികളായ ബൊമ്മനും ബെല്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ വിവിധ ആന ക്യാമ്പുകളിലെ 91 കെയര്‍ടേക്കര്‍മാര്‍ക്കും സര്‍ക്കാര്‍ നിരവധി സമ്മാനങ്ങളും പുതിയ നവീകരണ പദ്ധതികളും പ്രഖ്യാപിച്ചിരുന്നു.

കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ‘ദി എലിഫന്റ് വിസ്പറേഴ്‌സ് ‘, മനുഷ്യനും മൃഗങ്ങളുമായുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. തമിഴ്‌നാട്ടിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട ബൊമ്മന്‍ -ബെല്ല ദമ്പതികളുടെ ജീവിതമാണ് ഈ ഡോക്യുമെന്ററി. കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട ആനക്കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ചവരാണ് ബൊമ്മനും ബെല്ലയും.

ഇവര്‍ വളര്‍ത്തുന്ന രഘു, അമ്മു എന്ന് പേരുള്ള രണ്ട് ആനക്കുട്ടികളാണ് കഥയുടെ കേന്ദ്രബിന്ദു. 40 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.2022 ഡിസംബര്‍ 8ന് നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. 2022 നവംബര്‍ 9ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഡോക്യുമെന്ററികള്‍ക്കായുള്ള ചലച്ചിത്ര മേളയായ DOC NYC ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു ചിത്രത്തിന്റെ ലോക പ്രീമിയര്‍ പ്രദര്‍ശനം. മനുഷ്യനും മൃഗവും തമ്മിലുള്ള ആത്മബന്ധം മാത്രമല്ല ചുറ്റുപാടുകളെയും പ്രകൃതി സൗന്ദര്യത്തെയും മനോഹരമായി ഒപ്പിയെടുക്കുന്നുണ്ട് ദി എലിഫന്റ് വിസ്പ്‌റേഴ്‌സ്.

Exit mobile version