സംഗീതത്തിലൂടെ വേദനകളെ പുഞ്ചിരിയോടെ നേരിട്ട മാങ്ങാനം സ്വദേശി ഷേം എന്ന കൊച്ചു മിടുക്കൻ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

കോട്ടയം: സംഗീതത്തിലൂടെ അർബുദ രോഗ വേദനകളെ പുഞ്ചിരിയോടെ നേരിട്ട മാങ്ങാനം സ്വദേശി ഷേം എന്ന കൊച്ചു മിടുക്കൻ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി

കോട്ടയം മാങ്ങാനം കോതകേരിയിൽ പുത്തൻപറമ്പിൽ സിബി മാത്യു വിന്റെ മകൻ ഷേം സിബി (10) യാണ് തന്റെ പ്രിയപ്പെട്ട സംഗീതലോകത്തോട് എന്നന്നേക്കുമായി വിടപറഞ്ഞത്.

ഒരുവർഷം മുൻപ് കേഴ്വി നഷ്ടപ്പെട്ട് കാലുകൾ തളർന്ന ഷേം തന്റെ സഹോദരനോടൊപ്പം ചേർന്ന് കോട്ടയം കാരിത്താസ് ആശുപത്രിയിൽ അവതരിപ്പിച്ച സംഗീത വിരുന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു .

ഷേം കാരിത്താസ് ഹോസ്പിറ്റലിൽ സംഗീതവിരുന്നിൽ

തലച്ചോറിനെ ബാധിക്കുന്ന കൊറോയിഡ്‌ പ്ലക്സ് ട്യൂമർ എന്ന രോഗമായിരുന്നു ഷേമിനെ തളർത്തിയത്. എന്നാൽ വേദനകളെയെല്ലാം ഈ കൊച്ചു മിടുക്കൻ സംഗീതത്തിലൂടെ മായ്ച്ചുകളയുകയാണുണ്ടായത്.

കോട്ടയം കാരിത്താസ് ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജിസ്റ് ഡോക്ടർ ബോബൻ തോമസിന്റെ നേതൃത്വത്തിൽ നടത്തിയ ചികിത്സയിൽ ഷേമിന്‌ പുരോഗതിയുണ്ടായിരുന്നുവെങ്കിലും, തന്റെ പ്രിയപ്പെട്ട സംഗീതലോകത്തിനോട് ശാശ്വതമായി വിട പറഞ്ഞു കൊച്ചു മിടുക്കൻ ഇന്ന് ലോകത്തിൽ നിന്നും മാറ്റപ്പെടുകയാണുണ്ടായത്.

ഷേം, ഡോക്ടർ ബോബൻ തോമസിനോടൊപ്പം

ക്ഷേമിന്റെ വേർപാട് കുടുംബത്തെ മാത്രമല്ല, നാടിനെയും , പ്രവാസ ലോകത്തെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.

ഷേം സിബിയെ കുറിച്ച് കോട്ടയം കാരിത്താസ് ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജിസ്റ് ഡോക്ടർ ബോബൻ തോമസ് ഫേസ്‌ബുക്കിൽ കുറിച്ചത് ഇപ്രകാരമാണ്.

“ഞാൻ അവനു കൊടുത്ത മരുന്നല്ല, സ്നേഹമാണ് അവനെ മാറ്റിമറിച്ചത്….
പക്ഷെ ഈ ലോകത്ത് നമ്മളെക്കാൾ മറ്റൊരാൾ അവനെ സ്നേഹിക്കുമ്പോൾ അവന് പോകേണ്ടി വന്നു…. പിന്തുണയില്ലാതെ നടക്കാനും നന്നായി കേൾക്കാനും കൂടുതൽ വായിക്കാനും കഴിയുന്ന മറ്റൊരു ലോകത്തേക്ക്.. അവൻ ആഗ്രഹിക്കുന്ന എല്ലാ സംഗീതോപകരണങ്ങളും വായിക്കാൻ അവന് കഴിയും…”

കോട്ടയം മാങ്ങാനം കോതകേരിയിൽ സിബി മാത്യു – ബബിത ദമ്പതികളുടെ ഇളയ മകനാണ് ഷേം. സഹോദരൻ : ഷോൺ സിബി. ഷാർജ ഗില്ഗാൽ ഐ പി സി അംഗങ്ങൾ ആണ് ഈ കുടുംബം.

Exit mobile version