പ്രായം 65 പിന്നിട്ടിട്ടും കിലോമീറ്ററോളം നടന്ന് കുരുന്നുകൾക്ക് പാഠം ചൊല്ലികൊടുക്കും; നാരായണി ടീച്ചർക്ക് താമസിക്കാൻ സ്വന്തം ചെലവിൽ വാടക വീടൊരുക്കി പ്രവാസി, മാസം ഒരു തുകയും നൽകും

ചെറുവത്തൂർ: പ്രായം 65 പിന്നിട്ടിട്ടും 25 കിലോമീറ്ററുകളോളം നടന്ന് കുരുന്നുകൾക്ക് പാഠം ചൊല്ലി കൊടുക്കുന്ന നാരായണി ടീച്ചറെ അറിയാത്തവർ ചുരുക്കമായിരിക്കും. ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ ഒറ്റമുറിയിൽ വാടകയ്ക്ക് കഴിഞ്ഞിരുന്ന ടീച്ചറും ഭർത്താവും 10 വർഷം മുൻപാണ് ചെറുവത്തൂരിൽ എത്തിയത്. കൈയ്യിൽ ഒരു കുടയും തോളിലൊരു ബാഗുമായി ചെരുപ്പ് ധരിക്കാതെ നാരായണി ടീച്ചർ കുരുന്നുകളെ പഠിപ്പിക്കാൻ തുടങ്ങിയിട്ട് വർഷം 50 പിന്നിട്ടു.

പുലർച്ചെ വീട്ടിൽ നിന്ന് പുറപ്പെട്ട് ദേശീയപാത വഴി മാണിയാട്ട് എത്തുന്ന ടീച്ചർ അവിടെ 3 വീടുകളിലെ കുട്ടികൾക്കാണ് ട്യൂഷൻ എടുക്കുന്നത്. എല്ലാം കഴിഞ്ഞ് മടങ്ങുമ്പോൾ, വഴിയിൽ വച്ച് ഹോട്ടലിൽ നിന്ന് തനിക്കും രോഗിയായ ഭർത്താവിനും കൂടി ഭക്ഷണം പാഴ്‌സൽ വാങ്ങും. ഉച്ചയോടെയാണ് വീടെത്തുന്നത്. ശേഷം, ഭക്ഷണം കഴിഞ്ഞ് 3നു വീട്ടിൽ നിന്ന് കൊവ്വൽ ഭാഗത്തേക്ക് പോയാൽ രാത്രി 8 വരെ കുട്ടികളെ വീട്ടിൽ ചെന്ന് പഠിപ്പിക്കൽ.

ഇങ്ങനെ ദിവസവും 25 കിലോമീറ്ററോളമാണ് നാരായണി ടീച്ചർ നടക്കുന്നത്. 15-ാം വയസിലാണ് നാരായണി ടീച്ചർ കുട്ടികൾക്ക് അക്ഷരം പറഞ്ഞുകൊടുക്കാൻ ആരംഭിച്ചത്. 1971ൽ നീലേശ്വരക്കാരിയായ കെ.വി.നാരായണി രാജാസ് ഹൈസ്‌കൂളിൽ നിന്ന് എസ്എസ്എൽസി ജയിച്ചുവെങ്കിലും അസുഖം കാരണം പഠനം തുടരാൻ കഴിഞ്ഞില്ല. വീട്ടിലെ അന്നത്തെ സാഹചര്യം തുടർപഠനം സാധ്യമായില്ല. അന്ന് മുതലാണ് നാരായണി ടീച്ചർ ട്യൂഷനെടുക്കാൻ തുടങ്ങിയത്. നാല് വിഷയങ്ങളിൽ ആണ് നാരായണി ടീച്ചർക്ക് പ്രാവീണ്യം. ഇപ്പോൾ ഈ അലച്ചിലിനും ശമനമായിരിക്കുകയാണ്.

നാരായണി ടീച്ചർക്ക് ഇപ്പോൾ സ്വന്തം ചെലവിൽ വാടക വീട് ഒരുക്കിയിരിക്കുകയാണ് പ്രവാസി മലയാളിയായ ബാലാജി ശ്രീനിവാസൻ. ഇതിനു പുറമേ, ടീച്ചറുടെ ചെലവിനായി മാസാമാസം ഒരു തുകയും നൽകും. കൊടക്കാട് ബാങ്കിന് സമീപം കണ്ണാടിപ്പാറയിലാണ് വീട് ഒരുക്കിയിരിക്കുന്നത്. ഇവിടെ കഴിഞ്ഞ ദിവസം നാരായണി ടീച്ചറും ഭർത്താവ് ദാമോദരനും താമസം തുടങ്ങി. മസ്‌കത്തിലെ ടവൽ എൻജിനീയറിങ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറാണ് ബാലാജി ശ്രീനിവാസൻ. അല്ലലും അലച്ചിലും കുറഞ്ഞുവെങ്കിലും നാരായണി ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്നത് തുടരുക തന്നെ ചെയ്യും.

Exit mobile version