മിസ് യൂണിവേഴ്സിൽ ഹർനാസ് തിളങ്ങിയത് ശൈഷ ഷിൻഡെ ഒരുക്കിയ ഗൗണിൽ

ആഘോഷവും ആരവങ്ങളും തുടങ്ങിയിട്ടേയുള്ളൂ. രണ്ട് പതിറ്റാണ്ടിനു ശേഷം വിശ്വസുന്ദരിപ്പട്ടം ഹർനാസ് സന്ധുവിലൂടെ ഇന്ത്യയിലെത്തിയതിന്റെ നിറവിലാണ് രാജ്യം. ഗ്രാൻഡ്ഫിനാലെയുടെ ആകർഷണമായിരുന്ന ഹർനാസിന്റെ വസ്ത്രമാണ് ഫാഷൻ ലോകത്തെ പുതിയ ചർച്ചാവിഷയം. ഹർനാസിനൊപ്പം ചരിത്രത്തിന്റെ ഭാഗമാണ് സിൽവർ നിറത്തിലുള്ള ആ ഗൗണും. ഗൗണിന്റെ ഡിസൈനർ ഒരു ട്രാൻസ് വുമണാണ്. 40 വയസ്സുകാരിയായ ശൈഷ ഷിൻഡെ.

മുത്തുകളും സെക്വിനുകളും കൊണ്ട് അലങ്കരിച്ച മനോഹരമായ വീ നെക്ക് ഗൗൺ. ഫ്ലോർ ലെങ്ങ്ത് നീളത്തിൽ അണിയിച്ചൊരുക്കിയ ഗൗണിൽ മികവുറ്റ എംബ്രോയിഡറി വർക്കുകളും കാണാം. ഹർനാസിന്റെ പഞ്ചാബി വേരുകളെ ഓർമ്മിപ്പിക്കുന്ന ഫുൽക്കാരി പാറ്റേണും ആകർഷണീയമാണ്.

രാജ്യാന്തര സൗന്ദര്യമത്സരങ്ങളിൽ മത്സരാർഥികളിൽ നിന്ന് പ്രതീക്ഷിക്കുന്ന നിലവാരം നില നിർത്തുന്നതിനായി അതിസൂക്ഷ്മമായും ശ്രദ്ധയോടെയും സൃഷ്ടിച്ചതാണ് ഹർണാസിനായി ശൈഷ തയ്യാറാക്കിയ ഗൗൺ. ആദ്യകാഴ്ചയിൽ തന്നെ സുന്ദരവും വിശിഷ്ടവുമായ വസ്ത്രം. ഉപയോഗിച്ച തുണിത്തരങ്ങൾ ലളിതവും മൃദുലവുമാണെങ്കിലും ഹർനാസിന്റെ ശക്തമായ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കാൻ പോന്ന മാസ്മരികത അതിനുണ്ട്. ശക്തയായ ഒരു സ്ത്രീയായി ഞാനും മാറിയതോടെ ഈ ജോലി എനിക്ക് കുറെക്കൂടി എളുപ്പമായിരുന്നു, ശൈഷ പറയുന്നു.

ഹർനാസ് കിരീടം ചൂടിയ നിമിഷം ശൈഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചത് ഇങ്ങനെ: വീ ഡിഡ് ഇറ്റ്. നമ്മൾ അത് ചെയ്തു!. വിജയ കിരീടം ചൂടി നിൽക്കുന്ന സുന്ദരിയായ ഹർനാസിന്റെ ചിത്രത്തിനൊപ്പം വസ്ത്ര നിർമ്മാണത്തിനിടയിലെ ചില നിമിഷങ്ങളും ശൈഷ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.

2021 ജനുവരിയിലാണ് താൻ ഒരു ട്രാൻസ് വുമൺ ആണെന്ന സത്യം ശൈഷ ലോകത്തോട് വെളിപ്പെടുത്തിയത്. സ്വപ്‌നിൽ ഷിൻഡെ എന്ന പേരിൽ നിന്നും ശൈഷ ഷിൻഡെയിലേക്കുള്ള ആ ദൂരം ചെറുതായിരുന്നില്ല.

ചെറുപ്പകാലങ്ങളിൽ അനുഭവിച്ച ഒറ്റപ്പെടലും വേദനകളും സമ്മർദവും കടുപ്പമേറിയതായിരുന്നു. സമൂഹത്തിന്റെ പ്രതീക്ഷകൾക്കു ചേരാത്ത ലൈംഗിക അഭിരുചികൾ ഉണ്ടായിരുന്നതു കൊണ്ട് മാത്രം പലതും ഉള്ളിലൊതുക്കി ജീവിച്ചു. എന്റേല്ലാത്ത ഒരു ജീവിതം ജീവിക്കേണ്ടി വന്ന അതിഭീകരമായ സാഹചര്യം. നിഫ്റ്റിൽ ഫാഷൻ ഡിസൈനിങ് വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിലാണ് സ്വന്തം ലൈംഗിക ആഭിമുഖ്യങ്ങളെപ്പറ്റിയുള്ള യാഥാർത്ഥ്യം അംഗീകരിക്കാനുള്ള ധൈര്യമുണ്ടായത്. ഞാനൊരു സ്വവർഗ്ഗാനുരാഗി ആണെന്നായിരുന്നു ആദ്യവർഷങ്ങളിൽ എന്റെ വിശ്വാസം. വെറും ആറു വർഷങ്ങൾക്കു മുൻപ് മാത്രമാണ് ഞാനൊരു ഗേ അല്ലെന്നും ട്രാൻസ്ജെൻഡർ ആണെന്നും മനസ്സിലാക്കുന്നത്. തുറന്നു പറയാം, ഞാൻ ഗേ അല്ല, ട്രാൻസ് വുമണാണ്, ശൈഷ പറയുന്നു.

ഹർനാസിന്റെ വിജയത്തിൽ പ്രധാന പങ്കു വഹിയ്ക്കാൻ നിമിത്തമായതിൽ സന്തുഷ്ടയാണ് ശൈഷ. ബോളിവുഡിലും ആരാധകരുണ്ട് ശൈഷക്ക്. പ്രിയങ്ക ചോപ്ര, കരീന കപൂർ, ദീപിക പദുക്കോൺ, തപ്സീ പന്നു, അനുഷ്ക ശർമ, കത്രീന കൈഫ്, മാധുരി ദീക്ഷിത് തുടങ്ങിയ താരങ്ങൾക്കായും ശൈഷ വസ്ത്രങ്ങൾ രൂപകല്പന ചെയ്തിട്ടുണ്ട്.

Exit mobile version