മകന്റെ അടുത്തെത്താനായി റോഡ് മുറിച്ചുകടക്കവേ അമ്മ കാറിടിച്ചു മരിച്ചു; അമിതവേഗതയിലെത്തിയ കാര്‍ ശാന്തമ്മയെയും വലിച്ചുകൊണ്ട് പോയത് 40 മീറ്ററോളം, ദാരുണം

വര്‍ക്കല: മകന്റെ അടുത്തെത്താന്‍ റോഡ് മുറിച്ചുകടക്കവെ, അമ്മ കാറിടിച്ചു മരിച്ചു. വര്‍ക്കല അയിരൂര്‍ പാലത്തിനു സമീപം കലാനിവാസില്‍ പരേതനായ ഗംഗാധരന്‍ പിള്ളയുടെ ഭാര്യ ശാന്തമ്മയാണ് ദാരുണമായി മരണപ്പെട്ടത്. 76 വയസായിരുന്നു.

അപകടത്തെത്തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ അയിരൂരില്‍നിന്ന് പോലീസ് പിടികൂടി. കാറോടിച്ചിരുന്ന അയിരൂര്‍ തേവണംപണയില്‍ വീട്ടില്‍ റെനിമോനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച വൈകീട്ട് 6.30-നായിരുന്നു ദാരുണമായ അപകടം നടന്നത്. മകനോടൊപ്പം താമസിക്കുന്ന ശാന്തമ്മ, എന്നും രാവിലെ സ്വന്തം വീട്ടിലേക്കു പോവുകയും വൈകീട്ട് മകന്‍ വന്ന് കൂട്ടിക്കൊണ്ടുപോവുകയുമാണ് പതിവ്.

മരിച്ച ശാന്തമ്മ, കാര്‍ ഓടിച്ചിരുന്ന റെനിമോന്‍
ചൊവ്വാഴ്ചയും പതിവുപോലെ വിളിക്കാനെത്തിയ മകന്റെ അടുത്തെത്താന്‍ റോഡ് മുറിച്ചുകടക്കവെ, ശാന്തമ്മയെ അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഊന്നിന്‍മൂട് ഭാഗത്തുനിന്ന് അയിരൂരിലേക്കു പോയ കാറാണ് അപകടമുണ്ടാക്കിയത്. ഇടിച്ചശേഷം 40 മീറ്ററോളം ശാന്തമ്മയെ വലിച്ചുകൊണ്ട് കാര്‍ മുന്നോട്ടുനീങ്ങി. റോഡരികില്‍ വീണ ശാന്തമ്മയെ ഉപേക്ഷിച്ച് കാര്‍ നിര്‍ത്താതെ പോവുകയും ചെയ്തു.

വിവരമറിഞ്ഞ് അയിരൂര്‍ ജങ്ഷനില്‍ വച്ച് പോലീസ് കാര്‍ തടഞ്ഞ് റെനിമോനെ പിടികൂടുകയായിരുന്നു. കാറില്‍ റെനിമോനും സുഹൃത്ത് അരുണുമാണ് ഉണ്ടായിരുന്നത്. ഇരുവരും മദ്യലഹരിയിലായിരുന്നെന്ന് പോലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ ശാന്തമ്മയെ ഉടന്‍ വര്‍ക്കലയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍: ശശികല, സുജാത, പരേതനായ മണികണ്ഠന്‍, അനില്‍കുമാര്‍. മരുമക്കള്‍: ഗോപാലകൃഷ്ണപിള്ള, പരേതനായ സുഭാഷ്, ബീന.

Exit mobile version