ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് വഴിയില്‍: ഡോക്ടറുടെ കുറിപ്പടിയില്‍ നിന്നും ഉടമയെ കണ്ടെത്തി, തിരിച്ചേല്‍പ്പിച്ച് ഷിനോജിന്റെ സത്യസന്ധത

പയ്യന്നൂര്‍: വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കളഞ്ഞു കിട്ടിയ ലക്ഷങ്ങള്‍ വില വരുന്ന സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് ഉടമയെ കണ്ടെത്തി തിരികെ കൊടുത്ത് സത്യസന്ധതയ്ക്ക് മാതൃകയായി യുവാവ്.

പയ്യന്നൂര്‍ കാറമ്മേല്‍ മുച്ചിലോട്ട് കാവിനു സമീപത്തു വച്ചാണ് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെപി കുഞ്ഞിക്കണ്ണന്റെ ഡ്രൈവറായി ജോലി ചെയ്യുന്ന കാറമേല്‍ സ്വദേശി പിവി ഷിനോജി(29)ന് 15 പവനോളം സ്വര്‍ണാഭരണങ്ങള്‍ കളഞ്ഞുകിട്ടിയത്.

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ മുച്ചിലോട്ട് ക്ഷേത്ര പരിസരത്തു കൂടെ നടന്നുപോകവെയാണ് റോഡരികില്‍ ബാഗ് വീണുകിടക്കുന്നത് കണ്ടത്. ബാഗ് തുറന്നു നോക്കിയപ്പോഴാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളാണെന്നു മനസിലായത്.

ബാഗില്‍ നിന്നും ലഭിച്ച ഡോക്ടറുടെ കുറിപ്പടിയില്‍ നിന്നും ആശുപത്രി അധികൃതരെ ഷിനോജ് ബന്ധപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഉടമയെ കണ്ടെത്താനായത്. ആളെ കണ്ടെത്തി ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു.

സമീപ പ്രദേശമായ വെള്ളൂര്‍ പാലത്തരയിലെ മുഹ്‌സിനയുടെതായിരുന്നു കളഞ്ഞുപോയ സ്വര്‍ണം. യാത്രക്കിടയില്‍ സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് എവിടെയോ നഷ്ടപ്പെട്ടതിന്റെ വിഷമത്തില്‍ കഴിയുകയായിരുന്നു മുഹ്‌സിന. അതിനിടെയാണ് ആശ്വാസമായി ഷിനോജിന്റെ ഫോണ്‍ വിളിയെത്തിയത്.

മുഹ്‌സീനക്ക് സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു ഷിനോജിന്. നാട്ടുകാരുടെ സാന്നിധ്യത്തില്‍ രാത്രി തന്നെ സ്വര്‍ണാഭരണങ്ങള്‍ കൈമാറുകയും ചെയ്തു. ഷിനോജിന്റെ സത്യസന്ധതയ്ക്ക് നിറഞ്ഞ അഭിനന്ദന പ്രവാഹമാണ്.

Exit mobile version