ഒരുപാട് പേർ സഹായം ചോദിക്കുന്നു, എല്ലാവരെയും ഒറ്റയടിക്ക് സഹായിക്കാനാകില്ല; സ്വന്തമായി എന്തെങ്കിലും ചെയ്ത ശേഷം ബാക്കിയെന്ന് കോടിപതി, തുടർന്നും ഓട്ടോ ഓടിക്കും

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബമ്പർ ഒന്നാം സമ്മാനം നേടിയ ശ്രീവരാഹം സ്വദേശി അനൂപിനെ കാണാൻ ഇപ്പോഴും വീട്ടിലേയ്ക്ക് നാട്ടുകാരുടെ പ്രവാഹമാണ്. ഒറ്റ നിമിഷം കൊണ്ട് ജീവിതം മാറി മറിഞ്ഞ സന്തോഷമാണ് അനൂപിനും കുടുംബത്തിനും ഉള്ളത്. ഭാഗ്യം വീണ നിമിഷം മുതൽ അനൂപിന് ഉറങ്ങാനും സാധിച്ചിട്ടില്ല.

അഭിനന്ദനം അറിയിച്ചെത്തുന്ന നാട്ടുകാർക്കും മാധ്യമങ്ങൾക്കും മുഖംകൊടുത്ത് ക്ഷീണിതനാണ് അനൂപ്. എങ്കിലും ലോട്ടറിയടിച്ച സന്തോഷം ഈ ക്ഷീണത്തെ എല്ലാം മറികടക്കുന്നുണ്ട്. തിങ്കളാഴ്ച രാവിലെയും വിവിധ ചാനലുകളിൽ അഭിമുഖങ്ങളുടെ തിരക്കിലായിരുന്നു അദ്ദേഹം. ഇതിനിടയിലും തന്റെ ഭാവിജീവിതത്തെക്കുറിച്ചുള്ള കണക്കുകൂട്ടലിലാണ് അനൂപ്.

‘നറുക്കെടുപ്പ് ഫലം അറിഞ്ഞ ദിവസത്തെ മൂഡല്ല പിറ്റേന്ന്. സന്തോഷം വിട്ടുമാറുന്നില്ല. ഒന്നിനും സമയവും കിട്ടുന്നില്ല. ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിച്ച് തീരുമാനിക്കും’- അനൂപ് പറഞ്ഞു. തുടർന്നും ഓട്ടോറിക്ഷ ഓടിക്കുമെന്നും അനൂപ് കൂട്ടിച്ചേർത്തു. വാഹനം നന്നാക്കി വേണം ഓടിക്കാനെന്നും അനൂപ് പറയുന്നു.

ഭാഗ്യക്കുറിയുടെ തുക കിട്ടിയിട്ട് തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കാനെന്നും കോടിപതി പറയുന്നു. അതുകൂടാതെ, സഹായിക്കണമെന്ന ആവശ്യവുമായി നിരവധിപേർ എത്തുന്നതായും അനൂപ് പറഞ്ഞു. എല്ലാവരെയും ഒറ്റയടിക്കു സഹായിക്കാൻ കഴിയില്ല. സ്വന്തമായി എന്തെങ്കിലും ചെയ്ത ശേഷമാകും മറ്റു കാര്യങ്ങൾ. ഹോട്ടൽ തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ടെന്ന് അനൂപ് കൂട്ടിച്ചേർത്തു.

Exit mobile version