ദോഷമെന്ന് തോന്നുമെങ്കിലും മോഡിയുടെ പദ്ധതികള്‍ ദീര്‍ഘ വീക്ഷണത്തോടെ ഉള്ളത്: സുരേഷ് ഗോപി

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് ഉദ്ദേശ്യശുദ്ധിയില്‍ തുളുമ്പുന്ന കുബുദ്ധിയാണ് ഉള്ളതെന്ന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. ഇത്തരത്തിലാണ് മോഡി രാജ്യത്തെ പുരോഗതിയിലേക്കു നയിച്ചതെന്ന് രാജ്യസഭ മുന്‍ എംപി പറഞ്ഞു.

ചെന്നൈയിലെ മലയാളി ക്ലബ്ബില്‍ ഞായറാഴ്ച ബിജെപി തമിഴ്നാട് ഘടകം ഇതരഭാഷാസെല്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. രാഷ്ട്രീയത്തിലുപരി, ഭരണപരമായ മിടുക്കുകാരണമാണ് മോഡിയെ ജനങ്ങള്‍ ഹൃദയത്തില്‍ കുടിയിരുത്തുന്നത്.

പ്രധാനമന്ത്രിയുടെ ജന്‍ധന്‍ അക്കൗണ്ട്, സ്വച്ഛ് ഭാരത്, കാര്‍ഷിക നിയമം, ഗതാഗതവികസനം തുടങ്ങി പല പദ്ധതികളും നടപ്പാക്കി അദ്ദേഹം ജനങ്ങള്‍ക്കൊപ്പംനിന്നു. മികച്ച രാഷ്ട്രീയനേതാക്കളെപ്പോലും നല്ലതുചെയ്യാന്‍ അനുവദിക്കാതിരുന്ന മേല്‍ക്കോയ്മ മുന്‍ ഭരണങ്ങളില്‍ ഉണ്ടായിരുന്നു. അതു മാറ്റിമറിച്ചത് നരേന്ദ്രമോഡിയാണ് എന്നും അദ്ദേഹം പ്രതികരിച്ചു.

ആദ്യം ദോഷകരമെന്നു തോന്നിപ്പിക്കുമെങ്കിലും അദ്ദേഹം വിഭാവനംചെയ്ത പലപദ്ധതികളും ദീര്‍ഘവീക്ഷണത്തോടെയുള്ളതായിരുന്നു. കാലം അതു വ്യക്തമാക്കിത്തരുമെന്നും സുരേഷ് ഗോപി അവകാശപ്പെട്ടു

Exit mobile version