68-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശത്തുടക്കം. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു

ആലപ്പുഴ: 68-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ആവേശത്തുടക്കം. മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണർ റിട്ട.  ഡി.കെ.ജോഷി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ  മുഹമ്മദ് റിയാസ്, പി.പ്രസാദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജില്ലാ കലക്ടറും നെഹ്റു ട്രോഫി സൊസൈറ്റി ചെയർമാനുമായ വി.ആർ.കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു.

ആലപ്പുഴ പുന്നമട കായൽ അക്ഷരാർഥത്തിൽ ജനസമുദ്രമായി മാറി. രണ്ടു വർഷത്തിനു ശേഷം എത്തിയ നെഹ്റു ട്രോഫി വള്ളംകളി മത്സരത്തെ ആവേശത്തോടെയാണ് ജനം ഏറ്റെടുത്തത്. മത്സരങ്ങൾ പുരോഗമിക്കുന്നു. ചുണ്ടൻ വള്ളങ്ങളുടെ പ്രാഥമിക മത്സരശേഷം വനിതകളുടെ മത്സരം. 20 ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ വ്യോമസേനയുടെ ഹെലികോപ്റ്റർ ഉപയോഗിച്ചുള്ള അഭ്യാസപ്രകടനം ഉണ്ടാകും.

വള്ളംകളി കാണാനെത്തുന്നവർക്കായി ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയായിരുന്നു ഇപ്രാവശ്യത്തെയും സംഘാടനം. വള്ളംകളി കാണാനെത്തിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർക്ക് അടുത്തെങ്ങും ശുചിമുറി സൗകര്യം ഒരുക്കിയില്ല. കുട്ടികളുമായി എത്തിയവരാണു കൂടുതലും ദുരിതത്തിലായത്.

2 വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ നെഹ്‌റു ട്രോഫിയിൽ ജനപങ്കാളിത്തം ഏറിയെങ്കിലും വിദേശികൾ കുറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൂടി. ഓൺലൈൻ ടിക്കറ്റ് റെക്കോർഡ് വിൽപനയായിരുന്നു ഇത്തവണ. 10 ലക്ഷത്തിലധികം രൂപയുടെ ഓൺലൈൻ ടിക്കറ്റാണ് വിറ്റത്. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചത്.

Exit mobile version