എംഡിഎംഎ കേസിലെ പ്രതികളെ കാണാൻ ഇടിവള കൊണ്ട് സ്റ്റേഷനിലെത്തി എഎസ്‌ഐയെ തല്ലിച്ചതച്ച് സൈനികൻ; സംഭവം കൊല്ലത്ത്

കൊല്ലം: കഞ്ചാവും എംഡിഎംഎയുമായി പിടിയിലായ പ്രതികളെ കാണാനായി പോലീസ് സ്റ്റേഷനിലെത്തിയ സൈനികനും സഹോദരനും ചേർന്ന് എഎസ്‌ഐയെ ഇടിച്ചു പരിക്കേൽപ്പിച്ചു. സൈനികന്റെയും സഹോദരന്റെയും അപ്രതീക്ഷിത ആക്രമണത്തിൽ കൊല്ലം കിളികൊല്ലൂർ സ്റ്റേഷനിലെ എഎസ്‌ഐ പ്രകാശ് ചന്ദ്രനാണ് പരിക്കേറ്റത്. തലയ്ക്കാണ് പരുക്കേൽപ്പിച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. കൊറ്റക്കൽ സ്വദേശിയും സൈനികനുമായ വിഷ്ണു (30), സഹോദരൻ വിഗ്‌നേഷ് (25) എന്നിവരെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. കൈയിൽ കിടന്നിരുന്ന ഇടിവള ഊരിയാണ് സൈനികൻ എഎസ്‌ഐയെ തല്ലിച്ചതച്ചതെന്ന് പോലീസ് പറഞ്ഞു. മുഖത്തും മൂക്കിനും തലയ്ക്കും പരുക്കേറ്റ എഎസ്‌ഐയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലയ്ക്ക് രണ്ട് തുന്നലുണ്ട്.

ഉച്ചയോടെയാണ് കഞ്ചാവും എംഡിഎംഎ വിൽപന നടത്താൻ ശ്രമിച്ച ദമ്പതികൾ ഉൾപ്പെടെയുള്ള നാലുപേരെ പോലീസ് പിടികൂടിയത്. ഇവരിൽ രണ്ടുപേരെ കാണാനാണ് സൈനികനും സഹോദരനും എത്തിയത്. അറസ്റ്റിലായവരെ ജാമ്യത്തിൽ വിടണമെന്ന് പറഞ്ഞ് ഇവർ സ്റ്റേഷന് പുറത്ത് ബഹളമുണ്ടാക്കുകയായിരുന്നു.

ഇതോടെ പോലീസുകാർ ഇരുവരെയും സ്റ്റേഷന് ഉള്ളിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനിടെയാണ് സൈനികൻ കൈയിൽ കിടന്നിരുന്ന ഇടിവള ഊരി എഎസ്‌ഐയുടെ തലയിലും മുഖത്തും ഇടിച്ചത്. തുടർന്ന് നിലത്തിട്ട് ചവിട്ടിയ ശേഷം തലയ്ക്ക് സ്റ്റൂളുകൊണ്ടടിച്ചു. മറ്റു പൊലീസുകർ ബലം പ്രയോഗിച്ചാണ് ഇരുവരെയും പിടിച്ചുമാറ്റിയത്.

കഞ്ചാവും എംഡിഎംഎയും വില്പന നടത്താൻ ശ്രമിച്ച നാല് പേരെയാണ് പോലീസ് പിടികൂടിയത്. കൊല്ലം വടക്കേവിള ഉദയ മന്ദിരത്തിൽ അഖിൽ (24), കിളികൊല്ലൂർ പാൽക്കുളങ്ങര മീനാക്ഷി വീട്ടിൽ അഭിനാഷ് (28), കല്ലുന്താഴം കൊച്ചുകുളം കാവേരി നഗർ വയലിൽ പുത്തൻവീട്ടിൽ അജു മൻസൂർ (23), ഇയാളുടെ ഭാര്യ ബിൻഷ (21) എന്നിവരാണ് പിടിയിലായത്.

Exit mobile version