‘പ്രിയങ്ക എന്ന ലോകത്തിന്റെ പ്രിയപ്പെട്ടവൾ’; സിപിഐഎം നേതാവിന് കരൾ നൽകിയ ഡിവൈഎഫ്‌ഐ പ്രവർത്തകയെ സന്ദർശിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: കരൾ രോഗം മൂർച്ഛിച്ച സിപിഐഎം ഏരിയാ സെക്രട്ടറിക്ക് കരൾ പകുത്ത് നൽകി മാതൃകയായ ഡിവൈഎഫ്ഐ നേതാവ് പ്രിയങ്കയെ നേരിൽ കണ്ട് അഭിനന്ദിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. ലോകത്തിന്റെ പ്രിയപ്പെട്ടവൾ എന്നാണ് പ്രിയങ്കയെ മന്ത്രി വിശേഷിപ്പിച്ചത്. പ്രിയങ്കയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് മന്ത്രി ഫേസ്ബുക്കിൽ കുറിപ്പും പങ്കുവെച്ചിട്ടുണ്ട്.

ശസ്ത്രക്രിയ കഴിഞ്ഞ് ഒരു മാസത്തെ ആശുപത്രി വാസത്തിന് ശേഷം പ്രിയങ്ക ഇക്കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. കരൾ സ്വീകരിച്ച രാജാലാലും സുഖം പ്രാപിച്ച് വരികയാണ്.

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്:

പ്രിയങ്ക എന്ന ലോകത്തിന്റെ പ്രിയപ്പെട്ടവൾ. തിരുവനന്തപുരം ജില്ലയിലെ ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റി അംഗവും, കരകുളം മേഖല ജോ. സെക്രട്ടറിയുമായ പ്രിയങ്കയെ കുറിച്ചാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്.സിപിഐ എം പേരൂർക്കട ഏരിയാ സെക്രട്ടറി സഖാവ് എസ് എസ് രാജാലാലിന്റെ അസുഖവിവരം അറിഞ്ഞ പ്രിയങ്ക, അദ്ദേഹത്തിന് തന്റെ കരൾ നൽകാൻ സ്വമേധയാ മുന്നോട്ടുവരികയായിരുന്നു. ഇന്ന് പ്രിയങ്കയെ പോയി നേരിൽ കണ്ടു..

കരകുളം സർവീസ് സഹകരണ ബാങ്ക് ജീവനക്കാരിയും ഡിവൈഎഫ്ഐ മേഖല ജോയിന്റ് സെക്രട്ടറിയുമാണ് പ്രിയങ്ക. അവയവദാനത്തെക്കുറിച്ച് പ്രിയങ്ക എഴുതിയ കുറിപ്പിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് പ്രിയങ്കയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. രാജാലാലിന്റെ രോഗവിവരം അറിഞ്ഞിരുന്നെങ്കിലും ഏണിക്കര ബ്രാഞ്ച് സെക്രട്ടറി പ്രശാന്ത് വഴിയാണ് അവയവദാനത്തിനായി ദാതാവിനെ തേടുന്നത് അറിഞ്ഞതെന്ന് പ്രിയങ്ക പറഞ്ഞു. കരൾ ദാനം ചെയ്യാൻ തയ്യാറാണെന്ന് പ്രിയങ്ക പാർട്ടി നേതാക്കളെ അറിയിച്ചു. ആരുടേയും നിർബന്ധ പ്രകാരമല്ല, സ്വന്തം ഇഷ്ടപ്രകാരമാണ് അവയവം ദാനം ചെയ്യാൻ തയ്യാറായതെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ ജൂലൈ 11ന് അഡ്മിറ്റായി. 12ന് ശസ്ത്രക്രിയ നടന്നു. 12 മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയ്ക്കു ശേഷം ഒരാഴ്ച ഐസിയുവിൽ തുടർന്നു. വേദനയുണ്ടായിരുന്നെങ്കിലും രാജാലാലിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരാനായതിന്റെ സന്തോഷത്തിലാണ് പ്രിയങ്ക. രണ്ട് മാസത്തെ വിശ്രമത്തിന് ശേഷം ജോലിയിലേക്കും പാർട്ടി പ്രവർത്തനങ്ങളിലും സജീവമാകാനാണ് പ്രിയങ്കയുടെ തീരുമാനം.

Exit mobile version