അക്ഷരനഗരിയായ കോട്ടയം ജില്ലയിൽ മാങ്ങാനത്ത് ദുരിതക്കയത്തിൽ പെരുവഴിയിൽ ഒരമ്മ; കേരള ധ്വനി എക്സ്ക്ലൂസീവ്

കോട്ടയം: അക്ഷരനഗരിയെന്ന് നാം അഹങ്കാരത്തോടെ പറയുന്ന നാട്. വിദ്യാഭ്യാസത്തിലും, അറിവിലും കേരളത്തിലെ എല്ലാ ജില്ലകളെയും പിന്നിലാക്കി മുന്നേറുന്ന നാട്.. പച്ചമലയാളത്തിൽ പറഞ്ഞാൽ മധ്യതിരുവിതാംകൂർ..

എന്നാൽ ഈ നാട്ടിൽ ഒരമ്മ ജീവിത പ്രാരാബ്ധങ്ങളുടെ മുൻപിൽ തെരുവോരത്ത് കഴിയുകയാണ്.. കണ്ടില്ല .. അറിഞ്ഞില്ല എന്നൊക്കെ പറഞ്ഞു നമുക്ക് കയ്യൊഴിയുവാൻ കഴിയുമായിരിക്കും.. എന്നാൽ ഈ അമ്മയുടെ കണ്ണീരിനു മുൻപിൽ മുഖംതിരിക്കുന്ന നമ്മൾക്ക് മനുഷ്യനാകാൻ യോഗ്യതയില്ല.

കോട്ടയം വിജയപുരം ഗ്രാമപഞ്ചായത്തിൽ മാങ്ങാനത്ത് ആരോരും ആശ്രയമില്ലാതെ ഒരമ്മ കനിവ് തേടുന്ന വാർത്തയാണ് ഇന്ന് ഞങ്ങൾ പുറത്ത് വിടുന്നത് . മാങ്ങാനം പാറായിൽ ലീലാമണിയാണ് മാങ്ങാനം താമരശ്ശേരി പഞ്ചായത്ത് സ്റ്റേഡിയത്തിൽ ആരോരും ആശ്രയമില്ലാതെ കഴിയുന്നത്.

നേരാം വിധം പ്രാഥമിക കൃത്യങ്ങൾ പോലും ചെയ്യുവാൻ സാധിക്കാത്ത ഇടിഞ്ഞു പൊളിയാറായ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ ഒരു മൂലയ്ക്ക് ഇവർ തനിച്ച് കഴിയുകയാണ്. സമൂഹത്തിൽ നല്ല നിലയിൽ ജീവിച്ച്‌ വന്നിരുന്നവരാണ് ലീലാമണിയും കുടുംബവും. ഏക മകൻ കളത്തിപ്പടി ഗിരിദീപം സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസ്സം പൂർത്തിയാക്കിയത്. ദുരിതത്തിനിടയിൽ വിദ്യാഭ്യാസ്സം പൂർത്തിയാക്കാനും മകന് സാധിച്ചില്ല. ഭർത്താവ് ഉപേക്ഷിച്ചതോടെയാണ് ലീലാമണിക്ക് ദുരിതജീവിതം തുടങ്ങുന്നത്.

വീഡിയോ കാണാം

മാങ്ങാനം ആനത്താനം പരിസരത്ത് ഭർത്താവിന് വീടും സ്ഥലവുമുണ്ടായിരുന്നു. ഹൈന്ദവ വിഭാഗത്തിൽ നിന്നും കടന്നുവന്ന ലീലാമണിയെ ഭർത്താവ് സ്നേഹിച്ച് വിവാഹം കഴിച്ചതാണ്. മിശ്രവിവാഹമായിരുന്നു ഇരുവരുടേതും.. ഭർത്താവിന്റെ ഭവനത്തിൽ ഇവർ മകനോടൊത്ത് താമസിച്ച് വരുന്നതിനിടയിലാണ് ഭർത്താവ് തങ്ങളറിയാതെ ആകെയുണ്ടായിരുന്ന കിടപ്പാടം വിൽക്കുകയും, മകനെയും തന്നെയും ഉപേക്ഷിച്ച് പോകുകയും ചെയ്തത്.

ഇതോടെ ആശ്രയമില്ലാതെയായ ഇവർ മാങ്ങാനം താമരശ്ശേരി ഭാഗത്തുള്ള വിജയപുരം പഞ്ചായത്ത് സ്റ്റേഡിയത്തിൽ ജീവിതം കഴിച്ച് കൂട്ടുകയായിരുന്നു. കഴിഞ്ഞ നാലു മാസത്തോളമായി ഇവർ പഞ്ചായത്ത് സ്റ്റേഡിയത്തിലാണ് കഴിയുന്നത്. മകൻ കൂടെയുണ്ടങ്കിലും മിക്കപ്പോഴും ലീലാമണി ഒറ്റയ്ക്കാണ്.

ഭർത്താവ് കയൊഴിഞ്ഞപ്പോള്‍ കൂരിരുട്ടത്ത് ഭക്ഷണമില്ലാതെ ഈ അമ്മ മാങ്ങാനം പഞ്ചായത്ത് സ്റ്റേഡിയത്തിൽ അഭയം പ്രാപിക്കുകയായിരുന്നു . വീടും സ്ഥലവും വിറ്റ് ഭർത്താവ് ഇപ്പോൾ ഭർതൃ സഹോദരിയുടെ വീട്ടിലാണ് കഴിയുന്നതെന്നാണ് ഇവർ പറയുന്നത്. ഭർതൃ സഹോദരിയാണ് തങ്ങളെ ഭർത്താവിൽ നിന്നും അകറ്റിയതെന്നാണ്
ഇവരുടെ വാദം.

ലീലാമണിയും മകനും ചിത്രത്തിൽ
ലീലാമണിയും മകനും ചിത്രത്തിൽ

ഭക്ഷണവും , വെളിച്ചവും ഒന്നുമില്ലാതെ കൊതുകുകടി കൊണ്ട് തെരുവിൽ ജീവിതം തള്ളിനീക്കുന്ന ലീലാമണിക്ക് ആകെയുള്ള സമ്പാദ്യം താൻ കിടക്കുന്ന ഒരു പഴയ മെത്തയും , കുറച്ച് തുണികളും മാത്രമാണ്.

ഇവരുടെ ദുരിതമറിഞ്ഞ അയല്‍വാസികളാണ് ലീലാമണിക്ക് മിക്കപ്പോഴും ഭക്ഷണം കൊടുക്കുന്നത്. സംഭവമറിഞ്ഞ് പഞ്ചായത്ത് മെമ്പർമാരും , സാമൂഹികപ്രവർത്തകരും മറ്റും എത്തി ഇവർക്ക് ഭക്ഷണം ഏർപ്പാടാക്കിയിരുന്നെങ്കിലും, ലോക്ക്ഡോൺ കഴിഞ്ഞതോടെ അതും അവസാനിച്ചു.

നിരവധി രോഗങ്ങൾ അലട്ടുന്ന ഇവർക്ക് മരുന്ന് വാങ്ങുവാൻ പോലുമുള്ള പണം പോലും കയ്യിലില്ല. ജീവിത പ്രാരാബ്ധങ്ങൾ ഓർത്ത് നീറി നീറി കഴിയുന്ന ഇവർക്ക് ഇപ്പോൾ സ്വബോധം പോലും നശിച്ചിരിക്കുകയാണ്.

യാതൊരു അടച്ചുറപ്പും ഇല്ലാത്ത ഈ സ്റ്റേഡിയത്തിൽ ഒറ്റക്ക് കഴിയുന്ന ഇവരുടെ ജീവൻ തന്നെ ഭീഷണിയുടെ വക്കിലാണ്. അയൽവാസികളാണ് ഇവർക്ക് അത്യാവശ്യം വേണ്ട സഹായം ചെയ്ത് നൽകുന്നത്.

ഒരു ചെറിയ വീടും, രണ്ടു സെന്റ് സ്ഥലവും ലഭിച്ചാൽ തങ്ങളുടെ ദുരിതജീവിതത്തിനു അവസാനമാകുമെന്ന് ഇവർ കരുതുന്നു. പിതാവിനെ പോലും താൻ ആഗ്രഹിക്കുന്നില്ല , ഒരു വീട് ലഭിച്ചാൽ അമ്മയെ നോക്കി ജീവിച്ചോളാമെന്നാണ് മകനും പറയുന്നത്. വാർത്ത വായിക്കുന്ന വായനക്കാർ ദയവായി ഇത് ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുമല്ലോ..

Exit mobile version