ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖ: ഗണേഷ് കുമാറിനും സരിതയ്ക്കുമെതിരെ കോടതി കേസെടുത്തു

ഉമ്മന്‍ചാണ്ടിക്കെതിരെ വ്യാജ രേഖകള്‍ ചമച്ചെന്ന ഹര്‍ജിയില്‍ കെബി ഗണേഷ് കുമാര്‍ എംഎല്‍എക്കും സരിത എസ് നായര്‍ക്കുമെതിരെ കോടതി കേസെടുത്തു. കൊട്ടരക്കര ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് ഇരുവര്‍ക്കും സമന്‍സ് അയക്കാന്‍ ഉത്തരവിട്ടു. മജിസ്‌ട്രേറ്റ് ജയകുമാറാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയത്.

സോളാര്‍ കമ്മീഷന് മുന്നില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ സരിതയുടെ പേരില്‍ ഹാജരാക്കിയ കത്ത് വ്യാജമാണെന്നും ഗണേഷ്‌കുമാറിന്റെ അറിവോടുകൂടിയാണ് കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയതെന്നും ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കൊല്ലം ജില്ല മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുധീര്‍ ജേക്കബ് 2017ല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോള്‍ സമന്‍സ് അയക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പത്തനംതിട്ട ജയിലില്‍ നിന്ന് സരിത എഴുതിയതെന്ന പേരില്‍ കമ്മീഷനുമിന്നില്‍ ഹജരാക്കിയ കത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ ഉണ്ടായി. ഗണേഷ് കുമാറിന്റെ ഇടപെടലിനെ തുടര്‍ന്ന് പ്രദീപ്, ശരണ്യ മനോജ് എന്നിവരുടെ ഗൂഢാലോചനയോടെയാണ് കത്തില്‍ കൂട്ടിചേര്‍ക്കലുകള്‍ നടത്തിയതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.

ജയില്‍ രേഖകള്‍ പ്രകാരം 21 പേജുള്ള കത്താണ് ജയിലില്‍ വെച്ച് സരിത എഴുതി അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന് നല്‍കിയത്. എന്നാല്‍ കമ്മീഷന് മുമ്പില്‍ എത്തിയപ്പോള്‍ അത് 25 പേജുള്ള കത്തായി. ഇതില്‍ നാല് പേജില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

Exit mobile version