കേസെടുത്തതിന് എതിരല്ല, പക്ഷെ ഏകപക്ഷീയമാവരുത്’ ; മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിലെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്

കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ സ്ഥാനമേറ്റ ചടങ്ങിനെത്തിയവരില്‍ കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനമാരോപിച്ച് കേസെടുത്ത സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊവിഡ് ചട്ടങ്ങള്‍ പാലിക്കുന്നതില്‍ കുറച്ചു കൂടി ശ്രദ്ധിക്കണമെന്നായിരുന്നു തന്റെ അഭിപ്രായമെന്നും കേസെടുടുത്തിന് എതിരല്ല, എന്നാല്‍ ഏകപക്ഷീയമാവരുതെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

‘ എന്റെ വ്യക്തിപരമായ അഭിപ്രായം കുറച്ചു കൂടി ശ്രദ്ധിക്കണമെന്നായിരുന്നു. ഞങ്ങള്‍ കുറേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കെപിസി ഓഫീസിന്റെ ഗെയ്റ്റ് വരെ അടച്ച് ശ്രമം നടത്തി. പക്ഷെ ആളുകള്‍ക്കൊരു ആവേശമായിരുന്നു സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കുന്ന സമയം,’ വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത് കൊവിഡ് മാനദണ്ഡം പാലിച്ചാണോയെന്ന് വിഡി സതീശന്‍ ചോദിച്ചു. ഒപ്പം പികെ കുഞ്ഞനന്തന്‍ ശവസംസ്‌കാര ചടങ്ങില്‍ മൂവായിരത്തോളം ആളുകള്‍ പങ്കെടുത്തു. ഒരു കേസും എടുത്തില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തിരുന്നു. പിന്നാലെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. രാവിലെ പതിനൊന്ന് മണിയ്ക്കായിരുന്നു കെ സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങ് ഇന്ദിരാ ഭവനില്‍ നടന്നത്. സ്ഥാനമൊഴിയുന്ന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുള്‍പ്പെടെ നിരവധി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങിലെത്തിയിരുന്നു. ഇന്ദിരാ ഭവനിലെ ഹാളിലായിരുന്നു ചടങ്ങ് നടന്നത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ നൂറ് കണക്കിന് ആളുകളെ ചേര്‍ത്ത് കെപിസിസി ആസ്ഥാനത്ത് പൊതുസമ്മേളനം നടത്തിയതിനെതിരെ സെക്രട്ടറി ജില്ലാ ജനകീയ നീതി വേദി അബ്ദുറഹിമാന്‍ തെരുവത്ത് സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.

Exit mobile version