ഫ്‌ലാറ്റ് പീഡന കേസ്; മാര്‍ട്ടിനെതിരെ പരാതിയുമായി കൂടുതല്‍ സ്ത്രീകള്‍

കൊച്ചിയിലെ ഫ്‌ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ കസ്റ്റഡിയിലുള്ള പ്രതി മാര്‍ട്ടിന്‍ ജോസഫിനെതിരെ പരാതിയുമായി കൂടുതല്‍ സ്ത്രീകള്‍. രണ്ടു സ്ത്രീകള്‍ കൂടിയാണ് പരാതി നല്‍കിയിരിക്കുന്നത്. മാര്‍ട്ടിനെതിരെ കൂടുതല്‍ പരാതിയുള്ളവര്‍ പോലീസില്‍ പരാതി നല്‍കണമെന്ന് ഇന്നലെ പൊലീസ് അറിയിച്ചതിന് പിന്നാലെയാണ് രണ്ടു സ്ത്രീകള്‍ പരാതിയുമായി എത്തിയത്. ഈ പരാതിയെക്കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. മാര്‍ട്ടിനില്‍ നിന്നും തങ്ങള്‍ക്കും മാനസികവും ശാരീരികവും ആയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് പരാതിയില്‍ പറയുന്നു.

മാര്‍ട്ടിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ തിങ്കളാഴ്ച പോലീസ് അപേക്ഷ നല്‍കും. ഓണ്‍ലൈനിലൂടെ കോടതിയില്‍ ഹാജരാക്കിയ മാര്‍ട്ടിനെ ഈ മാസം 23 വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മാര്‍ട്ടിന്റെ മൊബൈല്‍ ഫോണ്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. 43000 രൂപ മാസവാടകയുള്ള ഫ്‌ലാറ്റില്‍ ആണ് ഇയാള്‍ താമസിച്ചിരുന്നത്.

മാര്‍ട്ടിനെ കസ്റ്റഡിയില്‍ കിട്ടിയില്‍ അടുത്ത ആഴ്ച തന്നെ ആദ്യം പരാതി നല്‍കിയ യുവതി പീഡിപ്പിക്കപ്പെട്ട മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റിലും മാര്‍ട്ടിന്‍ ഒളിച്ചു താമസിച്ച കാക്കനാടുള്ള ഫ്‌ലാറ്റിലും തെളിവെടുപ്പ് നടത്തും. ഒപ്പം പിന്നീട് ഒളിവില്‍ കഴിഞ്ഞ തൃശൂരിവെ വിവിധ സ്ഥലങ്ങളിലും തെളിവെടുപ്പ് ഉണ്ടാവും. യുവതിയുടെ പരാതിയില്‍ അന്വേഷണം വൈകിയത് എന്തുകൊണ്ടെന്നതില്‍ വകുപ്പ് തല അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

Exit mobile version