47 വര്‍ഷമായി ഒരേ സ്ഥലത്ത് പാര്‍ക്കിങ്ങ് : ഇറ്റലിയില്‍ വിന്റേജ്‌ കാര്‍ സ്മാരകമാക്കാനൊരുങ്ങി അധികൃതര്‍

കോനെല്യാനോ: നാല്പ്പത്തിയേഴ് വര്‍ഷമായി ഒരേ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന കാര്‍ സ്മാരകമാക്കാനൊരുങ്ങി അധികൃതര്‍. ഇറ്റലിയിലെ ട്രവിസോ പ്രൊവിന്‍സിലുള്ള കോനെല്യാനോ എന്ന സ്ഥലത്താണ് സംഭവം. ഇവിടെ ഒരു വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറാണ് സ്മാരകമാകാനൊരുങ്ങുന്നത്.

ന്യൂസ് ഏജന്റായി ജോലി ചെയ്തിരുന്ന ആഞ്ചലോ ഫ്രിഗോലെന്റ് എന്ന 94കാരന്റേതാണ് ഈ വാഹനം. 1962 മോഡലായ ലാന്‍സിയ ഫുള്‍വിയ എന്ന കാര്‍ വര്‍ഷങ്ങളോളം ആഞ്ചലോയും ഭാര്യ മൊഡോളോയും തങ്ങളുടെ പത്രക്കെട്ടുകള്‍ സൂക്ഷിക്കുന്നതിനായാണ് ഉപയോഗിച്ചത്. അതിരാവിലെ എത്തുന്ന പത്രക്കെട്ടുകള്‍ കാറിന്റെ ഡിക്കിയില്‍ സൂക്ഷിക്കും. പിന്നീട് ഇവ എടുത്ത് ഇരുവരും ചേര്‍ന്ന് വിതരണം ചെയ്യും.

വര്‍ഷങ്ങള്‍ക്കിപ്പുറം ജോലിയില്‍ നിന്ന് വിരമിച്ചപ്പോഴും കാര്‍ അതിന്റെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഇവര്‍ തയ്യാറായില്ല. ഇതോടെ കാര്‍ കാഴ്ചക്കാര്‍ക്ക് ഒരു കൗതുകമായി മാറുകയായിരുന്നു. കാര്‍ കാണാനും ഫോട്ടോ എടുക്കാനുമായി നിരവധി വിനോദസഞ്ചാരികളാണ് ഇവിടെയെത്തുന്നത്.തന്റെ കാര്‍ സ്മാരകമാക്കുന്നതില്‍ അത്യധികം സന്തോഷവാനാണ് അഞ്ചലോ.

കാറിനെക്കുറിച്ചറിഞ്ഞ് ആളുകള്‍ ധാരാളമായി വരാന്‍ തുടങ്ങിയതോടെ അധികാരികളുടെ സഹായത്തോടെ വാഹനം അവിടെ നിന്ന് ഒരു മോട്ടോര്‍ ഷോയിലേക്ക് മാറ്റി പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. കേടുപാടുകള്‍ പരിശോധിച്ച് നന്നാക്കി കാര്‍ ആഞ്ചലോയുടെയും ബെര്‍ട്ടില്ലയുടെയും വീടിന് അടുത്തുള്ള ഒരു പ്രാദേശിക സ്‌കൂളിന് പുറത്ത് സ്മാരകമായി സ്ഥാപിക്കാനാണ് അധികൃതരുടെ തീരുമാനം.

Exit mobile version