സാധാരണ രാഷ്ട്രീയക്കാരെ പോലെയല്ല, വീടു കയറിയുള്ള പ്രചാരണം ഉണ്ടാകില്ല: ഇ ശ്രീധരന്‍

സാധാരണ രാഷ്ട്രീയക്കാരെ പോലെ വീടു കയറിയുള്ള പ്രചാരണം നടത്തില്ലെന്ന് ഇ ശ്രീധരന്‍. എന്നാല്‍ തന്റെ സന്ദേശം ഓരോ വീട്ടിലും എത്തുമെന്നും ശ്രീധരന്‍ പറഞ്ഞു. ‘എന്റെ പ്രചാരണം വ്യത്യസ്തമായിരിക്കും. മറ്റുള്ളവരെ പോരെയാകില്ല. വീടുകയറിയോ കട കയറിയോ ഉള്ള പ്രചാരണങ്ങള്‍ ഉണ്ടാകില്ല. അത് അത്യാവശ്യമല്ല. എന്റെ സന്ദേശം മണ്ഡലത്തിലെ ഓരോരുത്തരിലും ഓരോ വീട്ടിലുമെത്തും. ബിജെപി എന്തു ചെയ്യും, അതില്‍ എന്റെ പങ്കെന്ത് എന്നെല്ലാം ഈ സന്ദേശത്തിലുണ്ടാകും. എന്നെ വേണമോ വേണ്ടയോ എന്ന് അവര്‍ക്ക് വിട്ടുകൊടുക്കൂ’- അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലം സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത്തവണ ബിജെപി വലിയ വിജയമാണ് കേരളത്തില്‍ പ്രതീക്ഷിക്കുന്നത്. അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷ. ഡല്‍ഹിയില്‍ എങ്ങനെയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നത്. അത് നാട്ടുകാരുടെ ആവശ്യമാണ്. ഏതാണ് നല്ലത് എന്ന് ജനങ്ങള്‍ക്കറിയാം’- ശ്രീധരന്‍ പറഞ്ഞു.

രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ അഭിനന്ദനവും വിമര്‍ശനവും ഉണ്ടാകും. അതിറിയാം. രണ്ടിനും തയ്യാറായാണ് നില്‍ക്കുന്നത്. ഞാന്‍ ഭഗവദ് ഗീത വായിക്കുന്ന വ്യക്തിയാണ്. കല്ലിനെയും പൂക്കളെയും ഒരുപോലെ സ്വീകരിക്കണമെന്നാണ് ഗീതയില്‍ പറഞ്ഞിട്ടുള്ളത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശരീരത്തിന്റെ മാത്രമല്ല, മനസ്സിന്റെ പ്രായവും നോക്കണം. സാധാരണ രാഷ്ട്രീയക്കാരനെ പോലെയാകില്ല പ്രവര്‍ത്തനം. ടെക്നോക്രാറ്റിനെ പോലെയാകും. അതാണ് ശൈലി- അദ്ദേഹം വ്യക്തമാക്കി.

ഡിഎംആര്‍സി യൂണിഫോമില്‍ ഇനിയുണ്ടാകില്ലെന്ന് പറഞ്ഞ ശ്രീധരന്‍ കമ്പനിയില്‍ നിന്ന് രാജി വെച്ച ശേഷമായിരിക്കും തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നും കൂട്ടിച്ചേര്‍ത്തു.

 

Exit mobile version