സിപിഎം യുവനേതാവ് പി. ബിജു അന്തരിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു (43) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. കോവിഡിനെത്തുടര്‍ന്ന് തിരു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ്, എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.

കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകള്‍ പ്രവര്‍ത്തനരഹിതമായിരുന്നു. പിന്നീട് കൊവിഡ് നെഗറ്റീവായിരുന്നുവെങ്കിലും കൊവിഡ് ബാധ ആന്തരികാവയവങ്ങള്‍ക്കേല്‍പ്പിച്ച ആഘാതമാണ് മരണത്തിലേക്ക് നയിച്ചത്. ഇന്ന് രാവിലെ 8:15ന് ഹൃദയാഘാതം ഉണ്ടായി. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്നു പി ബിജു.

വിദ്യാര്‍ത്ഥി സമരങ്ങളിലെ മുന്‍നിരപോരാളിയായിരുന്ന പി ബിജു സിപിഎമ്മിലെ സൗമ്യസാന്നിധ്യമായിരുന്നു. എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ നേതൃത്വങ്ങളില്‍ ശ്രദ്ധനേടിയ ബിജു പാര്‍ലമെന്ററി രംഗത്ത് നിന്നും മാറി സംഘടനാ രംഗത്തായിരുന്നു ചുവടുറപ്പിച്ചത്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായിരിക്കെയാണ് ഏവരെയും ഞെട്ടിച്ചുള്ള വിയോഗം.

ഒരു കാലത്ത് കേരളം ശ്രദ്ധിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ ബുദ്ധികേന്ദ്രവും നായകനുമായിരുന്നു പി ബിജു. ശാരീരിക പരിമിതികള്‍ പോലും മറികടന്നായിരുന്നു ആര്‍ട്‌സ് കൊളേജിലെ സാധാരണ പ്രവര്‍ത്തകനില്‍ നിന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി വരെയുള്ള വളര്‍ച്ച. പ്രവര്‍ത്തകരുടെ അമിതാവേശത്തില്‍ കൈവിടുന്ന സമരങ്ങളെ നിലക്ക് നിര്‍ത്താനുള്ള ആജ്ഞാ ശക്തി. സിപിഎം വിഭാഗീയ നാളുകളിലും എസ്എഫ്‌ഐയെ ഒരു കുടക്കീഴില്‍ നിര്‍ത്തിയ നേതൃപാടവം. പ്രവര്‍ത്തകര്‍ക്കെന്നും ആവേശമായിരുന്നു ബിജു.

ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ ആയതിന് പിന്നാലെയാണ് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ഉപാദ്ധ്യക്ഷ പദത്തിലേക്ക് എത്തുന്നത്. വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ച് യുവജനക്ഷേമ ബോര്‍ഡിലും പി ബിജു ശ്രദ്ധ നേടി. സമരങ്ങളിലെ തീപ്പൊരി നേതാവ് മാധ്യമ ചര്‍ച്ചകളില്‍ എന്നും സൗമ്യസാന്നിദ്ധ്യമായിരുന്നു.

വിദ്യാര്‍ത്ഥി- യുവജനപ്രസ്ഥാനങ്ങളില്‍ ഒപ്പമുണ്ടായിരുന്ന പലരും പാര്‍ലമെന്ററി രംഗത്തേക്ക് മാറുമ്പോഴും സംഘടന തന്നെ തട്ടകമാക്കിയായിരുന്നു ബിജുവിന്റെ പ്രവര്‍ത്തനം. ഏതു പ്രതിസന്ധിയിലും പാര്‍ട്ടിക്ക് മുന്നില്‍ നിര്‍ത്താന്‍ കഴിയുന്ന യുവനേതാവാണ് അകാലത്തിലെ വിടവാങ്ങിയത്.

Exit mobile version