പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസീലന്‍ഡ് മന്ത്രിസഭയില്‍; നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ വനിതയായി മലയാളിയായ കൊച്ചി സ്വദേശിനി

മലയാളി പ്രിയങ്ക രാധാകൃഷ്ണന്‍ ന്യൂസീലന്‍ഡില്‍ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി. ഗ്രാന്റ് റോബര്‍ട്‌സണ്‍ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയില്‍ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ന്യൂസീലന്‍ഡില്‍ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. കമ്യൂണിസ്റ്റ് നേതാവ് ഡോ സി.ആര്‍. കൃഷ്ണപിള്ളയുടെ കൊച്ചുമകളാണ് പ്രിയങ്ക. ഇത് രണ്ടാം തവണയാണ് പ്രിയങ്കാ രാധാകൃഷ്ണന്‍ പാര്‍ലമെന്റില്‍ ഇടം നേടുന്നത്.

കഴിഞ്ഞ ഓണക്കാലത്താണ് പ്രിയങ്ക കേരളത്തിലും വൈറലായത്. ജസീന്‍ഡ ആര്‍ഡന്‍ മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നപ്പോള്‍ ഒപ്പമുണ്ടായിരുന്നത് പ്രിയങ്കയാണ്. 2017ല്‍ ആദ്യമായി ന്യൂസീലന്‍ഡ് പാര്‍ലമെന്റിലെത്തിയ പ്രിയങ്ക പാരമ്പര്യകാര്യ വകുപ്പിലെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിയായി. ജസീന്‍ഡയുടെ വിശ്വസ്തയായി ലേബര്‍ പാര്‍ട്ടിയില്‍ മുന്നേറി. എറണാകുളം പറവൂരില്‍ ആണ് കുടുംബമെങ്കിലും പ്രിയങ്ക ജനിച്ചതും വളര്‍ന്നതും സിംഗപ്പൂരിലാണ്. കമ്യൂണിസ്റ്റ് നേതാവായിരുന്ന മുത്തച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ മനോരമ ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പങ്കുവച്ചിരുന്നു.

ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശി റിച്ചാര്‍ഡ്‌സണ്‍ ആണ് ഭര്‍ത്താവ് വെല്ലിങ്ടന്‍ സര്‍വകലാശാലയില്‍ നിന്നു ഡവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദം നേടാന്‍ ന്യൂസീലന്‍ഡിലെത്തിയ പ്രിയങ്ക പിന്നീട് സജീവരാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു.

 

Exit mobile version