അവസാന സംവാദത്തില്‍ ഇന്ത്യയെ അനുകൂലിച്ച് ബൈഡന്‍, വിമര്‍ശിച്ച് ട്രംപ്; ഇന്ത്യക്കാര്‍ക്ക് പ്രയോജനം ലഭിക്കുന്ന ട്രംപ് റദ്ദാക്കിയ ‘ഡാകാ’ പുനസ്ഥാപിക്കുമെന്ന് ബൈഡന്‍; ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയെന്ന് ട്രംപ്

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാന സംവാദത്തിനിടെ ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് പ്രയോജനപ്പെടുന്ന ഡാകാ പദ്ധതി നടപ്പിലാക്കുമെന്ന് ബൈഡന്‍. അതേസമയം ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ് എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. ട്രംപും ജോ ബൈഡനും തമ്മില്‍ നടന്ന സംവാദം അവസാനിച്ചു.

‘ഡാകാ’ പുനസ്ഥാപിക്കുമെന്ന് യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍ പറഞ്ഞു. കുട്ടികളായിരിക്കേ രേഖകളില്ലാതെ യുഎസില്‍ എത്തിയ കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്ന നിയമം അധികാരമേറ്റ് നൂറുദിവസത്തിനുള്ളില്‍ കൊണ്ടു വരുമെന്ന് ബൈഡന്‍ അവകാശപ്പെട്ടു. ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് ഈ നയം പ്രയോജനപ്പെടും. ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍ 2017ല്‍ റദ്ദാക്കിയ നിയമമാണിത്.

എബ്രഹാം ലിങ്കണുശേഷം കറുത്തവംശജര്‍ക്കായി നിലപാടെടുത്ത പ്രസിഡന്റ് താനാണെന്ന് ഡോണള്‍ഡ് ട്രംപ്. ട്രംപിന്റെ ഭരണകാലത്ത് രാജ്യത്ത് വര്‍ണവെറി സ്ഥാപനവല്‍ക്കരിക്കപ്പെട്ടെന്ന് ജോ ബൈഡന്‍. കറുത്തവംശജര്‍ ഭയപ്പാടിലെന്ന് ബൈഡന്‍ വിമര്‍ശിച്ചു.

ജയിച്ചാല്‍ ആദ്യം എന്തു ചെയ്യും എന്ന ചോദ്യത്തിന് ചൈന പ്ലേഗ് പരത്തുന്നതിന് മുമ്പ് അമേരിക്കയെ സജ്ജമാക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ സജ്ജമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യാത്തവര്‍ക്കും ചെയ്തവര്‍ക്കും പ്രതീക്ഷകള്‍ നല്‍കുമെന്നായിരുന്നു ബൈഡന്‍ മറുപടി പറഞ്ഞത്. കെട്ടുകഥകള്‍ക്ക് മേലെ ശാസ്ത്രചിന്തകള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും ബൈഡന്‍ പ്രതികരിച്ചു.

കൊവിഡ് വ്യാപനം തടയാന്‍ ട്രംപിന് വ്യക്തമായ പദ്ധതിയില്ലെന്നും കറുത്ത തണുപ്പുകാലത്തേക്കാണ് രാജ്യം നീങ്ങുന്നതെന്നും ജോ ബൈഡന്‍ സംവാദത്തില്‍ ആരോപിച്ചു. ഈ വര്‍ഷം അവസാനത്തോടെ കൊവിഡ് വാക്‌സിന്‍ തയ്യാറാകുമെന്ന് ട്രംപ് പ്രതികരിച്ചു. തന്റെ പദ്ധതികള്‍ കൃത്യമായ സമയക്രമത്തില്‍ നീങ്ങുന്നുണ്ടെന്നാണ് ട്രംപ് വാദിച്ചത്. ഡെമോക്രാറ്റ് ഭരണത്തില്‍ ന്യുയോര്‍ക് പ്രേതനഗരമായി. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന ഇടങ്ങളില്‍ രോഗവ്യാപനം കൂടുതലാണെന്നും ട്രംപ് ആരോപിച്ചു.

റഷ്യയെ കുറ്റപ്പെടുത്താതെ ട്രംപ്. തിരഞ്ഞെടുപ്പ് ഇടപെടലില്‍ വിമര്‍ശിക്കാന്‍ തയാറായില്ല. നികുതിരേഖകള്‍ പ്രസിദ്ധീകരിക്കുമെന്ന് ട്രംപ്. ചൈനയിലെ ബാങ്ക് അക്കൗണ്ട് 2015ല്‍ ക്ലോസ് ചെയ്തു. ജോ ബൈഡന്റെ മകനെതിരെയും ട്രംപ് ആരോപണം ഉന്നയിച്ചു.

അതിര്‍ത്തികള്‍ സുരക്ഷിതമെന്ന് ട്രംപ്. കുടിയേറ്റക്കാരുടെ കുട്ടികളെ കൊണ്ടുവരുന്നത് ക്രിമിനലുകളെന്നും ട്രംപ് ആരോപിച്ചു. മാതാപിതാക്കളില്‍ നിന്ന് കുട്ടികളെ വേര്‍പിരിച്ചെന്ന് ബൈഡന്‍. കുട്ടികളെ കൂട്ടിലടച്ചത് ഡെമോക്രാറ്റുകളെന്ന് ട്രംപ്. ഇപ്പോള്‍ കുട്ടികള്‍ക്ക് മികച്ച സൗകര്യമെന്നും ട്രംപ് അവകാശപ്പെട്ടു.

Exit mobile version