നാല്‍പതിലേറെ മുറിവുകള്‍, കൊവിഡ് സെന്ററില്‍ മരിച്ച റിമാന്‍ഡ് പ്രതിക്ക് ക്രൂര മര്‍ദനമേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ കഞ്ചാവ് കേസ് പ്രതി ഷെമീര്‍ കോവിഡ് കേന്ദ്രത്തില്‍ മരിച്ചത് തലയ്‌ക്കേറ്റ ക്ഷതവും ക്രൂര മര്‍ദനവും മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഷെമീറിന്റെ ഏതാനും വാരിയെല്ലുകളും നെഞ്ചിലെ എല്ലുകളും പൊട്ടിയിട്ടുണ്ട്. നാല്‍പതിലേറെ മുറിവുകളും ഉണ്ട്. ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ് രക്തം വാര്‍ന്നു പോയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ മാസം ഒന്നാം തീയതിയാണ് സംഭവം നടന്നത്. തൃശൂരിലെ അമ്പിളിക്കല കൊവിഡ് കേന്ദ്രത്തില്‍ നിരീക്ഷണത്തിലിരിക്കെയാണ് മരണം. കൊവിഡ് സെന്ററില്‍ നിരീക്ഷണത്തിലിരിക്കെ ഷമീറിന് അപസ്മാരം വന്നുവെന്നും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ ഇത് കൂടെയുണ്ടായിരുന്ന പ്രതികള്‍ തള്ളിയിരുന്നു. ഷമീറിന് കൊവിഡ് സെന്ററില്‍ മര്‍ദനമേറ്റിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.

Exit mobile version