റിയാദ്: മലയാളി നഴ്‌സിനെ സൗദിയിലെ റിയാദിൽ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സർവത്ര ദുരൂഹത. റിയാദ് അൽജസീറ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ കോട്ടയം ആർപ്പൂക്കര ചക്കുഴിയിൽ സൗമ്യ നോബിളാണ് (32) റൂമിൽ മരിച്ച നിലയിൽ കണ്ടത്. അൽ ജസീറ ആശുപത്രിയിൽ കഴിഞ്ഞ ഒന്നര വർഷമായി സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു.
റിയാദ് അൽജസീറ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് സൗമ്യ നോബിളിന്റെ മരണത്തിൽ ആശുപത്രി മാനേജ്‌മെന്റിന് പങ്കുണ്ടെന്നാണ് ആരോപണം. ആശുപത്രിയുടെ പ്രവർത്തനത്തെ സംബന്ധിച്ച് പരാതി നൽകിയതിന്റെ പേരിൽ സൗമ്യ കടുത്ത മാനസിക പീഡനം നേരിട്ടിരുന്നതായി പറയപ്പെടുന്നു . ആശുപത്രി ഹോസ്റ്റലിന്റെ ഗോവണിയിൽ സൗമ്യ തൂങ്ങിമരിച്ചുവെന്നാണ് ബുധനാഴ്ച വീട്ടുകാരെ റിയാദിൽ നിന്ന് അറിയിച്ചത്. ഇത് കുടുംബം വിശ്വസിക്കുന്നില്ല.
ആശുപത്രി മാനേജ്‌മെന്റിന്റെയും ഡോക്ടർമാരുടെയും മാനസിക പീഡനത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് സൗമ്യയുടെ മരണം. മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് വരെ ഭർത്താവ് നോബിളുമായി സൗമ്യ വീഡിയോ കോളിൽ സംസാരിച്ചിരുന്നു. ആശുപത്രി ജീവനക്കാരുടെയും ഹോസ്റ്റൽ സെക്യൂരിറ്റിയുടെയും സൗമ്യയോടുള്ള മോശമായ പെരുമാറ്റത്തിന് നോബിളിന്റെ കൈയിൽ തെളിവുണ്ട്. ഈ സാഹചര്യത്തിലാണ് പരാതിയുമായി മുമ്പോട്ട് പോകാനുള്ള തീരുമാനം.
പൊലീസെത്തി മൃതദേഹം മോർച്ചറിയിേലക്ക് മാറ്റി. സൗമ്യ ഒന്നരവർഷമായി ഈ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുകയായിരുന്നു. ഭർത്താവ് നോബിളും മകൻ ക്രിസ് (മൂന്നര) നോബിളിനൊപ്പം ആർപ്പൂക്കരയിലെ വീട്ടിലാണ്
ആശുപത്രിയുടെ പ്രവർത്തനത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ആറു മാസം മുൻപ് സൗമ്യ പരാതി നൽകിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പറയപ്പെടുന്നു. ആശുപത്രിയിലെ പീഡനങ്ങൾ സംബന്ധിച്ച് എംബസിക്കു റിയാദിലെ തൊഴിൽ വകുപ്പിനും സൗമ്യ പരാതി നൽകിയിരുന്നു.
ആശുപത്രിയിൽ മാനസിക പീഡനം നേരിട്ടിരുന്നതായി സൗമ്യ ചൊവ്വാഴ്ച ഇമെയിലിലൂടെ എംബസിയെയും അറിയിച്ചിരുന്നു. ആശുപത്രിയിൽ എൻഡോസ്‌കോപ്പി ചെയ്യാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്നും സൗമ്യ ഇക്കാര്യം റിപ്പോർട്ട് ചെയ്തതിൽ ആശുപത്രി മാനേജ്‌മെന്റ് വൈരാഗ്യം വെച്ച് പുലർത്തിയെന്നും ആരോപണം ഉയരുന്നത് .
മരണത്തിലെ ദുരൂഹത നീക്കാനും മൃതദേഹം നാട്ടിലെത്തിക്കാനും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ സഹായം തേടിയിരിക്കുകയാണ് കുടുംബം. മരണത്തിനു ഉത്തരവാദിയായവരെ നിയമത്തിനു മുൻപിൽ കൊണ്ട് വന്നു തക്കതായ ശിക്ഷ വാങ്ങി നൽകാൻ കേന്ദ്രം അടിയന്തിരമായി ഇടപെടേണ്ടതുണ്ട്. കോട്ടയം ആർപ്പൂക്കര ചക്കുഴിയിൽ ജോസഫ് എൽസമ്മ ദമ്പതികളുടെ മകളാണ് സൗമ്യ.
