മാലിന്യ കൂമ്പാരമായി മാങ്ങാനം !! കോഴി വെയ്സ്റ്റ് മുതൽ ഗ്ലൗസ്, നാപ്കിൻസ് വരെ കൊണ്ട് തള്ളുന്നത് മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം !!

കോട്ടയം: മാങ്ങാനം തുരുത്തേൽപാലത്തിനു സമീപം ദേവലോകത്തിനു പോകുന്ന ഇടവഴിയിൽ മാലിന്യക്കൂമ്പാരം കൊണ്ട് പൊറുതിമുട്ടി നാട്ടുകാരും, വഴിയാത്രക്കാരും . കോഴി വെയ്സ്റ്റ് മുതൽ സാനിറ്ററി നാപ്കിൻസ് വരെയുള്ളവ ഇവിടെ നിക്ഷേപിക്കുന്നു.

തുരുത്തേൽപാലത്തിൽ നിന്നും ദേവലോകം കൊല്ലാട്, കസ്തൂർബാ മുതലായ സ്ഥലങ്ങളിലേക്ക് പോകുന്ന വഴിയാണ് ഇത്. വർഷങ്ങളായി കല്ലുപാകി പണി പൂർത്തിയാകാതെ കിടക്കുന്ന ഈ വഴിയിൽ കോഴി മാലിന്യങ്ങൾ ഉൾപ്പെടെയുള്ളവ നിക്ഷേപിക്കുകയാണ് സാമൂഹ്യ വിരുദ്ധർ.

വിജനമായ ഈ വഴി രാത്രിയായാൽ സാമൂഹ്യവിരുദ്ധരുടെ കേന്ദ്രവുമാണ്. 2017 ൽ മാങ്ങാനത്തെ നടുക്കിയ കൊലപാതകത്തിൽ പയ്യപ്പാടി സ്വദേശിയായ സന്തോഷ് എന്ന യുവാവിന്റെ തല അറുത്ത് മാറ്റി കൊണ്ട് ഉപേക്ഷിച്ചതും ഇതിനു സമീപത്താണ്. യുവാവിന്റെ ഉടലും, കാലും മന്ദിരം കലുങ്കിന് സമീപത്തു നിന്നും ലഭിച്ചിരുന്നു.

മാലിന്യ അവശിഷ്ടങ്ങളുടെ ദുർഗന്ധം മൂലം ഈ വഴിയിലൂടെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. സമീപത്തുള്ള ഫ്ളാറ്റുകളിലെയും, വീടുകളിലെയും ആൾക്കാർ വാഹനത്തിൽ കൊണ്ട് തള്ളുന്ന നാപ്കിന്സ് പോലുള്ള വസ്തുക്കളും ഇവിടെ നിക്ഷേപിക്കുന്ന രീതിയാണ് കണ്ടു വരുന്നത്.

ദേവലോകം കസ്തൂർബാ ഭാഗത്തു നിന്നും മാങ്ങാനം ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലേക്ക് പോകുവാൻ ആളുകൾ ഉപയോഗിക്കുന്ന വഴിയുമാണ് ഇത്. ഉത്സവ സമയങ്ങളിൽ ഉൾപ്പെടെ നിരവധിയാളുകൾ ഈ വഴി യാത്രക്ക് ഉപയോഗിക്കാറുമുണ്ട്. ഇത് കൂടാതെ തന്നെ തുരുത്തേൽ പാലത്തിനും മാങ്ങാനം കുരിശിനും ഇടയിൽ, മെയിൻ റോഡിനു സമീപത്തും മാലിന്യം നിക്ഷേപിക്കുന്ന പതിവ് കണ്ടു വരുന്നു. ഇവിടെ മാലിന്യ നിക്ഷേപം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ അധികാരികൾ തയ്യാറാവണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

 

Exit mobile version