കോവിഡിനെ തുരത്താന്‍ പ്രാര്‍ഥന; പാസ്റ്റര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

തൊടുപുഴ: കോവിഡിനെ തുരത്താന്‍ എന്ന് പറഞ്ഞ് കണ്ടെയ്ന്‍മെന്റ് സോണില്‍ വീടുകള്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തിയ പാസ്റ്റര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

പീരുമേട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായിരുന്നു. ഇവിടെ ഭവനസന്ദര്‍ശനം പാടില്ലെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കര്‍ശനനിര്‍ദേശം മറികടന്നാണ് പാസ്റ്റര്‍ വീടുകളില്‍ കയറിയിറങ്ങി പ്രാര്‍ഥന നടത്തിയത്.

ഇടുക്കി സ്വദേശിയായ പാസ്റ്റര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് പാസ്റ്ററെ പോലീസും ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് പിടികൂടി. ഇയാളെ പീരുമേട്ടിലെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിക്കുകയും കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് 25,000 രൂപ പിഴ ഈടാക്കുകയുംചെയ്തു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. പാസ്റ്റര്‍ സന്ദര്‍ശനംനടത്തിയ മുഴുവന്‍ വീട്ടുകാരും ഇയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരും നിരീക്ഷണത്തില്‍ കഴിയേണ്ടിവരും. ഏകദേശം അറുപതിലധികം വീടുകളിലാണ് പാസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കായി എത്തിയത്. ഇവരുടെ പട്ടിക തയ്യാറാക്കി പ്രദേശത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്.

Exit mobile version