കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധന; രോഗികള്‍ക്ക് വീട്ടിലിരുത്തി ചികിത്സ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധന കണക്കിലെടുത്ത് പ്രതിരോധം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. രോഗികള്‍ക്ക് വീട്ടിലിരുത്തി ചികിത്സ ആരംഭിക്കാനാണ് നീക്കം.

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് മാത്രമായിരിക്കും വീട്ടിലിരുത്തിയുള്ള ചികിത്സ നടത്തുക. മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ഉറപ്പുള്ളവര്‍ക്കാണ് ചികിത്സ വീട്ടില്‍ നല്‍കുക. വീട്ടില്‍ മുറിയോട് ചേര്‍ന്ന് ശുചിമുറി ഉള്ളവര്‍ക്ക് മാത്രമാണ് അനുമതി നല്‍കുക.

തിരുവനന്തപുരത്താണ് ആദ്യഘട്ടത്തില്‍ കോവിഡ് രോഗികളെ വീട്ടിലിരുത്തി ചികിത്സ തുടങ്ങുന്നത്. രോഗികള്‍ ആവശ്യപ്പെടുന്ന പക്ഷം വീടുകളില്‍ നിരീക്ഷണവും ചികിത്സയും നല്‍കുന്നതിന് വേണ്ട സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.

വീടുകളില്‍ നിരീക്ഷണം നല്‍കുന്നത് വാര്‍ഡ്തല സമിതിയുടെ നിര്‍ദേശം കൂടി പരിഗണിച്ചായിരിക്കും. കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രങ്ങളിലെ നിരീക്ഷണം ആവശ്യപ്പെടുന്നവര്‍ക്ക് മാത്രമായിരിക്കും ഇനി നല്‍കുക.

Exit mobile version